
ആലപ്പുഴ: അമ്മ വിളക്കു വയ്ക്കുന്നതിനിടെ മുട്ടിലിഴഞ്ഞ് പുറത്തിറങ്ങിയ കുഞ്ഞ് കാറിടിച്ച് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. കരളകം വീർഡിൽ കൊച്ചു കണ്ടത്തിൽ ജി. രാഹുൽ കൃഷ്ണയുടെ ഒമ്പത് മാസം പ്രായമായ മകൾ ശിവാംഗിയാണ് മരിച്ചത്. സനാതനം വാർഡിൽ സായികൃപ എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണിവർ.ബുധനാഴ്ച വൈകിട്ട് 6.15 ഓടെയാണ് സംഭവം. രാഹുലിന്റെ ഭാര്യ കാർത്തിക സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് കുഞ്ഞ് പുറത്തേക്കിറങ്ങുകയായിരുന്നു. വഴിയോട് ചേർന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു. വഴിയുടെ വളവിലായിരുന്നു വീട്. ഇരുട്ടായിരുന്നതിനാൽ കുട്ടി പുറത്തേക്കിറങ്ങിയത് ആരും കണ്ടിരുന്നില്ല. ഉടൻ തന്നെ കുട്ടിയെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് രാഹുൽ. ഇവർക്ക് ശിഖന്യ എന്ന മറ്റൊരു മകൾ കൂടിയുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നോർത്ത് പോലീസ് കേസെടുത്തു.
0 Comments