പൗരത്വ നിയമത്തിനെതിരായ യോഗത്തിനിടെ പ്രാസംഗികനെ ആക്രമിച്ചു; ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Saturday, January 18, 2020
ബദിയടുക്ക: പൗരത്വ നിയമത്തിനെതിരായ യോഗം നടക്കുന്നതിനിടെ പ്രാസംഗികനെ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി ജനകീയ നീതിവേദിയുടെ നേതൃത്വത്തില്‍ ബദിയടുക്ക ബസ് സ്റ്റാന്‍ഡിന് മുന്നില്‍ സംഘടിപ്പിച്ച യോഗത്തിലാണ് അതിക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബി ജെ പി പ്രവര്‍ത്തകന്‍ നെക്രാജെ കോംബ്രാജയിലെ ശ്രീജിത്തിനെ (34) ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. പ്രാസംഗികനെ കയ്യേറ്റം ചെയ്തതോടെ ബഹളം ഉടലെടുക്കുകയും യോഗം അലങ്കോലപ്പെടുകയും ചെയ്തു. ശ്രീജിത്തിനെ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും മുന്‍കരുതലായി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുവാവിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അതിനിടെ അലങ്കോലപ്പെട്ട യോഗം പുനരാരംഭിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സെയ്ഫുദ്ദീന്‍ എന്നയാള്‍ പോലീസില്‍ അപേക്ഷ നല്‍കി. പ്രാസംഗികനെ കയ്യേറ്റം ചെയ്തതിനെതിരെയും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
0 Comments