വിഷം നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

വിഷം നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍



മലപ്പുറം: ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം രണ്ടാം ദിവസം കാമുകനൊപ്പം നാടുവിട്ട യുവതിയും കാമുകനും ഒന്നര വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കാളികാവ് മൂച്ചിക്കല്‍ മരുത്താത്ത് ഉമ്മുല്‍ സാഹിറ (42), പത്തനതിട്ട പുന്നക്കാവ് ജെയ്‌മോന്‍ പള്ളിനടയില്‍ (37) എന്നിവരെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഉമ്മുല്‍ സാഹിറയെ ഇന്നലെ ശിവകാശിയില്‍ നിന്നും ജെയ്‌മോനെ ഇന്നു രാവിലെ ദിണ്ഡിഗലില്‍ നിന്നുമാണ് പിടികൂടിയതെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാളികാവ് മരുതയിലെ മുഹമ്മദലി (50)യുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണവും പ്രതികളുടെ അറസ്റ്റുമുണ്ടായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്- 2018 സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെ വീട്ടില്‍ വെച്ച് മുഹമ്മദലി മരണപ്പെട്ടു. സൈലന്റ് അറ്റാക്കാണെന്നു കരുതി ഖബറടക്കം നടത്തി. രണ്ടാം ദിവസം ഉമ്മുല്‍ സാഹിറ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ജെയ്‌മോനേയും കൂട്ടി മക്കളോടൊപ്പം നാട് വിട്ടു. അതോടെ സംശയം ഉയരുകയും ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികത തോന്നിയില്ല. എന്നാല്‍ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വിഷം അകത്ത് ചെന്നാണ് മരണമെന്നു കണ്ടെത്തി. ആറ് മാസം മുമ്പാണ് ഇതു സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചത്. അതോടെ സാഹിറക്കും ജെയ്‌മോനുമായി അന്വേഷണം തുടങ്ങുകയായിരുന്നു.

ജെയ്‌മോന്‍ നേരത്തെ ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണെന്നും ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്. ശിവകാശിയില്‍ ഇവരുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും ജെയ്‌മോന്‍ രക്ഷപ്പെട്ടു. പിന്നീട് ദിണ്ഡിഗലിലുള്ളതായി വിവരം ലഭിക്കുകയും ദിണ്ഡിഗല്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. സാഹിറയെ ഇന്നലെ രാത്രി കാളികാവിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. ജെയ്‌മോനെ ഇന്നു രാവിലെയാണ് പിടികൂടിയത്. ഇയാളുമായി കേരള പൊലീസ് സംഘം രാത്രിയോടെ മലപ്പുറത്തെത്തും. നാളെ കോടതിയില്‍ ഹാജരാക്കും. സാഹിറയും ജെയ്‌മോനും തമ്മിലുണ്ടായ പിണക്കമാണ് കേസില്‍ നിര്‍ണ്ണായകമായത്.

പത്തനംതിട്ടയില്‍ പൊതുപ്രവര്‍ത്തകനായിരുന്ന ജെയ്‌മോന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പരിചയപ്പെട്ട ഭര്‍തൃമതിയോടൊപ്പം കാളികാവില്‍ താമസിച്ച് വരുന്നതിനിടെയാണ് സാഹിറയുമായി അടുപ്പത്തിലായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മുഹമ്മദലിയുടെ വീടിനു മുകളിലിരുന്ന് മദ്യപിച്ച ശേഷം വിഷം നല്‍കുകയായിരുന്നു. സാഹിറയുമായി ചേര്‍ന്ന് ആവിഷ്‌ക്കരിച്ചതായിരുന്നു പദ്ധതി. നേരം വെളുക്കുന്നതിന് മുമ്പായി ഇയാള്‍ കാളികാവില്‍ നിന്ന് അപ്രത്യേക്ഷനായിരുന്നു. പകല്‍ തിരിച്ചെത്തി മുഹമ്മദലിയുടെ സംസ്‌കാര ചടങ്ങുകളിലുള്‍പ്പടെ പങ്കെടുത്തു. നേരത്തെ കൂടെയുണ്ടായിരുന്ന ഭര്‍തൃമതിയും സാഹിറയോടൊപ്പം നാട് വിടുമ്പോള്‍ ജെയ്‌മോന് ഒപ്പമുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ രണ്ടാഴ്ചക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ മുഹമ്മദലിയുടെ മക്കള്‍ക്ക് പങ്കില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും എസ്.പി യു അബ്ദുല്‍കരീം അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുല്‍കാദറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരും.

Post a Comment

0 Comments