കാസര്‍കോട്; മിയാപ്പദവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ചികൂര്‍പാതയിലെ രൂപശ്രീ(40)യെ കൊലപ്പെടുത്തിയ ശേഷം കടലിലെറിഞ്ഞതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ സ്‌കൂളിലെ അധ്യാപകന്‍ വെങ്കിട്ടരമണ കരന്തരയാണ് കൊല നടത്തിയതെന്നും സുഹൃത്തായ കാര്‍ ഡ്രൈവര്‍ നിരഞ്ജന്‍ സഹായം നല്‍കിയെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇരുവരും ക്രൈംബ്രാഞ്ചിന്റെ പിടിയിലാണ്. അധ്യാപികയുടെ മൃതദേഹം കടത്താനുപയോഗിച്ച കെ.എല്‍ 14-2244 വെളുത്ത സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ ബലമായി മുഖം മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ കടത്തിക്കൊണ്ടുപോയി കടലില്‍ തള്ളിയതാണെന്ന് പ്രതികള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ജനുവരി 16ന് രാവിലെയാണ് സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രൂപശ്രീയെ കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ജനുവരി 17ന് രൂപശ്രീയുടെ മൃതദേഹം കുമ്പള പെര്‍വാഡ് കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു.രൂപശ്രീയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ വെള്ളം അകത്തുചെന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അധ്യാപികയുടേത് സാധാരണ മുങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും രൂപശ്രീ പഠിപ്പിക്കുന്ന സ്‌കൂളിലെ ഒരു അധ്യാപകന് കൊലയുമായി ബന്ധമുണ്ടെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ഇതേ തുടര്‍ന്ന് അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. കാര്‍ കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. കാറിനകത്ത് നിന്ന് രൂപശ്രീയുടെ മുടിനാരുകള്‍ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. രീപശ്രീയും വെങ്കിട്ടരമണയും അടുപ്പത്തിലായിരുന്നുവെന്നും അതിനിടെ അധ്യാപികക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
0 Comments