ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് നിർഭയ കേസിലെ പ്രതി

ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് നിർഭയ കേസിലെ പ്രതി



ന്യൂഡൽഹി: തിഹാർ ജയിലിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ്. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുകേഷ് സമർപ്പിച്ച ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിക്കവെയാണ് ഇയാളുടെ അഭിഭാഷക ഇക്കാര്യം കോടതിയിൽ അറിയിച്ചത്.

'കോടതി എനിക്ക് വധശിക്ഷ മാത്രമാണ് വിധിച്ചത്.. എനിക്ക് ബലാത്സംഗവും വിധിക്കപ്പെട്ടിരുന്നോ? പ്രതിക്കായി അഭിഭാഷകയായ അഞ്ജന പ്രകാശ് കോടതിയോട് ചോദിച്ചു.'കഴിഞ്ഞ 5 വർഷമായി ഉറങ്ങാനായിട്ടില്ല.. ഉറങ്ങാൻ ശ്രമിക്കുമ്പോൾ മരണവും മര്‍ദ്ദനവുമാണ് സ്വപ്നം കാണുന്നത്' എന്നും മുകേഷിന്റെ വാക്കുകളായി അഭിഭാഷക കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി മുകേഷ് സിംഗിനെ ഏകാന്തതടവിൽ പാർപ്പിച്ചതടക്കമുള്ള സുപ്രധാന കാര്യങ്ങള്‍ ദയാഹർജി പരിഗണിക്കുന്നതിനിടെ അവഗണിക്കപ്പെട്ടുവെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.

നിർഭയ കേസിലെ മറ്റൊരു പ്രതിയായ രാം സിംഗ് ജയിലിൽ കൊല്ലപ്പെട്ടതാണെന്ന ആരോപണവും അഭിഭാഷക കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ കേസ് ആത്മഹത്യയെന്ന പേരിൽ അന്വേഷണം അവസാനിപ്പിച്ചുവെന്നും അവർ പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ രാം സിംഗിനെ 2013 ലാണ് ജയിൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇത് കൊലപാതകമായിരുന്നുവെന്ന കടുത്ത ആരോപണമാണ് ഇപ്പോൾ അഭിഭാഷകയായ അഞ്ജന ഉന്നയി ച്ചിരിക്കുന്നത്.

എന്നാൽ ലൈംഗിക പീഡന ആരോപണവും ജയിലിലുണ്ടായ ദുരനുഭവങ്ങളുമൊന്നും പ്രതിയോട് ദയ കാണിക്കുന്നതിനുള്ള കാരണങ്ങളായി കണക്കുകൂട്ടാനാകില്ലെന്നാണ് സോളിസിറ്റർ ജനറൽ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചത്. 'ഇനി അഥവ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ഇളവ് നൽകാനുള്ള കാരണമാകുന്നില്ല. ക്രൂരമായ ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനായിട്ടും മോശം പെരുമാറ്റം നേരിടേണ്ടി വന്നതിനാൽ എനിക്ക് കരുണ നൽകണം എന്നത് അംഗീകരിക്കാവുന്നതല്ല എന്നായിരുന്നു എസ് ജിയുടെ വാക്കുകൾ.

Post a Comment

0 Comments