കൊച്ചി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കൊച്ചിയില്‍ മുസ്ലിം സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സമരപ്രഖ്യാപന റാലി ചരിത്രം രചിച്ചു. രാജ്യത്ത് മുസ്ലിം സമൂഹത്തിന് അയിത്തം കല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുള്ള കനത്ത താക്കീതായി റാലി. കേരളത്തിലെ മുസ്ലീം നേതാക്കളും പ്രവര്‍ത്തകരും ഒരുവേദിയില്‍ ഒന്നിച്ചണിനിരന്നത് മുസ്ലിം കൈരളിയുടെ ശക്തിപ്രകടനമായി മാറി.
എറണാകുളം കലൂരില്‍ നിന്ന് മറൈന്‍ ഡ്രൈവിലേക്കായിരുന്നു ജനലക്ഷങ്ങള്‍ സമ്മേളിച്ച മാര്‍ച്ച്. പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധവുമായി അവര്‍ ഒന്നിച്ചിറങ്ങിയതോടെ കൊച്ചി നഗരം അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. മറൈന്‍ ഡ്രൈവില്‍ സമാപന സമ്മേളനം ആരംഭിച്ചപ്പോള്‍ റാലിയുടെ പകുതിപോലും ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നിരുന്നില്ല. പ്രതിഷേധ സാഗരത്തെ ഉള്‍ക്കൊള്ളാനാകാതെ മറൈന്‍ ഡ്രൈവ് വീര്‍പ്പുമുട്ടി. രാജ്യത്ത് സമാധാനാന്തരീക്ഷത്തില്‍ ജീവിക്കുന്ന മുസ്ലിംകളെ പുറം തള്ളാന്‍ ആരു ശ്രമിച്ചാലും വകവെച്ചുകൊടുക്കില്ലെന്ന് റാലി ഉച്ഛൈസ്തരം വിളിച്ചുപറഞ്ഞു. ഈ രാജ്യത്തിന്റെ പൈതൃകത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് മുസ്ലിം സമുദായമെന്ന് മറൈന്‍ ഡ്രൈവില്‍ തടിച്ചുകൂടിയ ജനസാഗരം ഒാര്‍മിപ്പിച്ചു.
മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമരപ്രഖ്യാപന റാലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സാമൂഹിക പ്രവര്‍ത്തകന്‍ ജിഗ്‌നേഷ് മേവാനി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, സെബാസ്റ്റ്യന്‍ പോള്‍, ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, മറ്റു മുസ്ലിം സംഘടനാ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments