കാഞ്ഞങ്ങാട്; കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങളടക്കം ലക്ഷങ്ങളുടെ സാധനങ്ങളടങ്ങിയ ലഗേജ് തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ ദമ്പതികളുടെ കൂട്ടാളികളെ പിടികൂടാന്‍ പൊലീസ് മംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ലഗേജ് തട്ടിയെടുത്ത് മുങ്ങിയ കാഞ്ഞങ്ങാട് ഞാണിക്കടവിലെ പുഴക്കരകല്ലില്‍ സിദ്ദിഖ്(30), ഭാര്യ വഴിക്കടവ് കാരക്കോട് ആനക്കല്ലന്‍ ഹസീന എന്നിവരെ കഴിഞ്ഞ ദിവസം വഴിക്കടവ് പോലീസ് അറസ്‌റ്ിറ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കാഞ്ഞങ്ങാട് സ്വദേശിയും വിദേശത്ത് ബിസിനസുകാരനുമായ ഷംസുദ്ദീന്റെ(50) ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഗേജാണ് ദമ്പതികള്‍ തട്ടിയെടുത്തത്. ദുബൈയില്‍ വീട്ടുജോലിക്കാരിയായ ഹസീനയും ഷംസുദ്ദീനും ഒരുമിച്ചാണ് ജനുവരി 25ന ് പുലര്‍ച്ചെ മൂന്നുമണിയോടെ കരിപ്പൂര്‍ വിമാനതാവളത്തിലെത്തിയത്.
ഷംസുദ്ദീന്റെ കൈവശം മറ്റൊരു ലഗേജുണ്ടായിരുന്നതിനാല്‍ വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ലഗേജ് വിദേശത്തുനിന്നുതന്നെ ഹസീനയെ ഏല്‍പ്പിച്ചിരുന്നു. വിമാനമിറങ്ങി ഷംസുദ്ദീന്‍ ശുചിമുറിയിലേക്ക് പോയ സമയത്ത് ഹസീന ലഗേജുമായി സ്ഥലം വിട്ടു. ഷംസുദ്ദീന്‍ നല്‍കിയ പരാതിയില്‍ വഴിക്കടവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ഹസീനയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹസീനയെ ചോദ്യം ചെയ്തതോടെ തട്ടിപ്പില്‍ ഭര്‍ത്താവിനും പങ്കുണ്ടെന്ന് തെളിഞ്ഞു. വിദേശത്തുനിന്ന് എത്തിയ ഹസീനയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ സിദ്ദിഖിനൊപ്പം മംഗളൂരു സ്വദേശികളായ രണ്ട് യുവാക്കളും ഉണ്ടായിരുന്നു. ഇവര്‍ മംഗളൂരുവില്‍ മുറി വാടകക്കെടുത്ത ശേഷം ആഭരണങ്ങള്‍ ഹസീനയും ഭര്‍ത്താവും വീതിച്ചെടുക്കുകയും മറ്റ് സാധനങ്ങള്‍ കൂടെയുണ്ടായിരുന്നവര്‍ വീതിച്ചെടുക്കുകയുമായിരുന്നു.
0 Comments