കണ്ണൂർ: ‘ഞാൻ പ്ലാസ്റ്റിക്കല്ല’ എന്ന പേരിൽ വിപണിയിലുള്ള കാരിബാഗുകൾക്കു നിരോധനം ബാധകമാണെന്നു ശുചിത്വ മിഷൻ. പ്ലാസ്റ്റിക് കാരിബാഗുകൾക്കു ബദലായി ജൈവ ഉൽപന്നങ്ങൾ എന്ന പേരിൽ വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ വ്യാപകമായതോടെയാണ് ഇത്തരം കാരിബാഗുകൾ പാടില്ലെന്നു സർക്കാർ ഉത്തരവിറക്കിയത്. തുണി/പേപ്പർ സഞ്ചികൾ മാത്രമാണ് അനുവദനീയം.
സംസ്ഥാനത്ത് ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായാണ് എല്ലാവിധ പ്ലാസ്റ്റിക് കാരിബാഗുകളും ബയോകമ്പോസ്റ്റബിൾ കാരിബാഗുകളും പൂർണമായും നിരോധിച്ചത്.
നിരോധന ഉത്തരവു കർശനമാക്കാൻ രൂപീകരിച്ച സ്ക്വാഡുകൾ പരിശോധന തുടങ്ങി. തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന പതിവു പരിശോധനകളും തുടരും. ആദ്യഘട്ടങ്ങളിൽ നിരോധിത സാധനങ്ങൾ പിടിച്ചെടുത്തു താക്കീത് നൽകുക മാത്രമാണ് ചെയ്തിരുന്നത്. ഇനി മുതൽ പിഴ ഇൗടാക്കുമെന്നും ശുചിത്വമിഷൻ അറിയിച്ചു.
ജനുവരി 21 ന് പരിസ്ഥിതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ നിരോധിത ഉൽപന്നങ്ങൾക്കു പകരം ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബദൽ മേളകളിലൂടെ പുതിയ ഉൽപന്നങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ ബദൽ ഉൽപന്നമേളകൾ സംഘടിപ്പിക്കും.
0 Comments