'ട്രാഫിക് പിഴ ചുമത്താൻ സ്വകാര്യ കമ്പനി'; കരാറില്‍ വന്‍ അഴിമതി, ജനങ്ങളെ കൊള്ളയടിക്കാൻ നീക്കമെന്നും ചെന്നിത്തല
Wednesday, February 19, 2020
സംസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാൻ നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പൊലീസിന് നല്‍കുന്നതിന്റെ ചുമതലയിൽ നിന്നും സിഡ്‌കോയെ ഒഴിവാക്കി സ്വകാര്യ കമ്പനിയായ മീഡിയട്രോണിക്സിനാണ് ചുമതല നൽകിയെന്ന് ചെന്നിത്തല പറഞ്ഞു.
180 കോടി രൂപയുടെ ഇൻ്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്‍റ് പദ്ധതിയിലാണ് അഴിമതിക്ക് അരങ്ങൊരുങ്ങന്നത്. സിഡ്കോ കിട്ടുന്ന തുകയുടെ 40 ശതമാനം സർക്കാരിന് നൽകാമെന്ന് വ്യവസ്ഥ വച്ചിട്ടും മീഡിയട്രോണിക്സിനായി ഈ നിർദ്ദേശം തള്ളി കെൽട്രോണിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമം നടക്കുന്നത്.
തത്ക്കാലം ഈ പദ്ധതിയിൽ മുഖ്യമന്ത്രി ഒപ്പുവെച്ചില്ലെന്നും കെൽട്രോണുമായി ചേർന്നാണ് തട്ടിപ്പെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിയനുസരിച്ച് സംസ്ഥാനത്തൊട്ടാകെ സ്വകാര്യ കമ്പനി 350 സ്പീഡ് ലിമിറ്റ് വയലേഷൻ ക്യാമറകളും, 30 റെഡ് ലൈറ്റ് വയലേഷൻ ക്യാമറകളും, 100 ഹെൽമെറ്റ് ആബ്സൻസ് ഡിറ്റെക്ഷൻ ക്യാമറകളും സ്ഥാപിക്കും. തുടർന്ന് ഇവർ തന്നെ ട്രാഫിക് കുറ്റങ്ങൾ കണ്ട് പിടിച്ച് പൊലീസിനെ ഏൽപ്പിക്കും പൊലീസാണ് പിഴ ചുമത്തുക.
പിഴത്തുകയുടെ 90 ശതമാനവും സ്വകാര്യ കമ്പനിക്ക് സേവന അറ്റകുറ്റപ്പണി നിരക്കായും ബാക്കി 10 ശതമാനം സർക്കാരിനും ലഭിക്കുന്ന രീതിയിലാണ് ഡിജിപി പദ്ധതി തയ്യാറാക്കിയത്. എന്നാൽ ഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തൽക്കാലം ഇതിൽ ഒപ്പ് വയ്ക്കാതെ മാറ്റി വച്ചിരിക്കുകയാണ്.10 വർഷത്തേക്കാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരിക്കുന്നത്. രണ്ട് കമ്പനികളാണ് ടെൻഡർ നടപടികളിൽ പങ്കെടുക്കാനെത്തിയത്.
എന്നാൽ സിഡ്കോയെ പൂർണ്ണമായും ഒഴിവാക്കി കെൽട്രോണുമായി ചേർന്ന് സ്വകാര്യ കമ്പനിക്ക് കരാർ നൽകാൻ ശ്രമിക്കുകയാണ്. മുമ്പേ തന്നെ വിവാദത്തിലായ ബിനാമി കമ്പനി ഗാലക്സോണാണ് ഇതിന് പിന്നിൽ. ഇത്തരം വലിയ കരാറുകൾ ഏറ്റെടുക്കാൻ മാത്രം മുൻപരിചയമില്ലാത്ത കമ്പനിക്ക് ലാഭമുണ്ടാക്കാനാണ് പദ്ധതി. ആ കമ്പനിയുടെ രണ്ട് ഡയറക്ടർമാർ കരിമ്പട്ടികയിലാണെന്നും ചെന്നിത്തല പറഞ്ഞു.
0 Comments