വിദ്യാര്‍ത്ഥികളെ മരത്തില്‍ കെട്ടിയിട്ട് അടിച്ചു; കേസെടുക്കാതെ പൊലീസ്
Saturday, February 22, 2020
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ പത്ര മുസ്തകം ഗ്രാമത്തില്‍ വിദ്യാര്‍ഥികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വീടിനുള്ളില്‍ കയറിയെന്നാരോപിച്ചാണ് വീട്ടുടമ ഈ കാടത്തരം ചെയ്തത്. ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ഗൗരവും ആകാശും സ്‌കൂള്‍വിട്ട ശേഷം പറമ്പില്‍ കളിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും വിജയ് സിംഗ് എന്നയാളുടെ വീട്ടിലേക്ക് കയറി. തുടര്‍ന്ന് വിജയ് സിംഗ് ഇരുവരേയും മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലി. തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാര്‍ വന്നാണ് വിടുവിച്ചത്.
മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിജയ് സിംഗിനെതിരെ പരാതി നല്‍കി. പൊലീസ് പക്ഷെ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വീഡിയോ കാണുകയും വൈറലാവുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്തതെന്നും കുടുംബം പറഞ്ഞു. എന്നിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് വിമൂഖത കാണിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് സിംഗിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
0 Comments