ഡല്‍ഹി സംഘര്‍ഷത്തിന് അയവ്; മരണം 20 ആയി

ഡല്‍ഹി സംഘര്‍ഷത്തിന് അയവ്; മരണം 20 ആയി


ന്യൂഡല്‍ഹി: മൂന്ന് ദിവസം കലാപഭൂമിയായി മാറിയ ഡല്‍ഹി പതുക്കെ സമാധാനത്തിലേക്ക് തിരിച്ചു വരുന്നു. സൈന്യം ഇറങ്ങിയതോടെയാണ് കലാപകാരികള്‍ ഉള്‍വലിഞ്ഞത്. ചൊവ്വാഴ്ച രാത്രിയിലും വിവിധ ഇടങ്ങളില്‍ ആക്രമണമുണ്ടായി. ബുധനാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരണപ്പെട്ടവരുടെ എണ്ണം 20 ആയി. ചൊവ്വാഴ്ച നടന്ന ആക്രമത്തില്‍ പരിക്കേറ്റ് ആസ്പത്രിയിലെത്തിക്കാന്‍ കഴിയാതിരുന്ന നാല് പേര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹമാണ് ബുധനാഴ്ച ജി.ടി.ബി. ആസ്പത്രിയില്‍ എത്തിച്ചത്. ആസ്പത്രിയില്‍ കഴിഞ്ഞിരുന്ന മൂന്നുപേരും മരിച്ചു. 10 സ്ഥലങ്ങളില്‍ നിരോധനാജ്ഞയും നാലിടങ്ങളില്‍ കര്‍ഫ്യൂവും തുടരുന്നുണ്ട്. രണ്ട് ദിവസമായി അടഞ്ഞുകിടക്കുന്ന മെട്രോ സ്റ്റേഷനുകളെല്ലാം ബുധനാഴ്ച തുറന്നു. 50 പൊലീസുകാര്‍ ഉള്‍പ്പെടെ 180 ഓളം പേര്‍ പരിക്കുകളോടെ ആസ്പത്രികളില്‍ കഴിയുകയാണ്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്.
ഭൂരിഭാഗം പേര്‍ക്കും വെടിയേറ്റാണ് പരിക്ക്. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ഹൈക്കോടതി അടിയന്തിരമായി ചേര്‍ന്ന് വാദം കേട്ടത്. പരിക്കേറ്റവര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനും ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു.  

Post a Comment

0 Comments