'ഗുജറാത്ത് മോഡൽ ഡൽഹിയിലെത്തുമ്പോൾ'; കലാപത്തെക്കുറിച്ച് ദ ടെലഗ്രാഫ്

LATEST UPDATES

6/recent/ticker-posts

'ഗുജറാത്ത് മോഡൽ ഡൽഹിയിലെത്തുമ്പോൾ'; കലാപത്തെക്കുറിച്ച് ദ ടെലഗ്രാഫ്


ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തുടരുന്ന കലാപത്തെ 2002 ലെ ഗുജറാത്ത് കലാപത്തോടുപമിച്ച് ഇംഗ്ലീഷ് ദിനപത്രമായ ദ ടെലഗ്രാഫ്. ഇന്നിറങ്ങിയ പത്രത്തിലെ പ്രധാന വാർത്തയ്ക്ക് നൽകിയ തലക്കെട്ടാണ് ശ്രദ്ധ നേടുന്നത്. 'ഗുജറാത്ത് മോഡൽ ഡൽഹിയിലെത്തുമ്പോൾ' എന്ന തലക്കെട്ടിനു കീഴിലാണ് രാജ്യതലസ്ഥാനത്ത് ഇന്നലെ നടന്ന അക്രമസംഭവങ്ങളെ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശ്രദ്ധേയമായ തലക്കെട്ടുകളിലൂടെ എന്നും ശ്രദ്ധ നേടുന്ന പത്രമാണ് ടെലഗ്രാഫ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ വികസനങ്ങളാണ് ഗുജറാത്ത് മോഡൽ എന്ന പേരിൽ അറിയപ്പെടുന്നത്. ബിജെപി നേതൃത്വം പല തെരഞ്ഞെടുപ്പുകളിലും ഗുജറാത്ത് മോഡൽ വികസനം ഉയർത്തിക്കാട്ടിയായിരുന്നു വോട്ട് ചോദിച്ചത്. 2002 ൽ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് ഗുജറാത്ത് കലാപവും അരങ്ങേറിയത്. ഇന്ന് മോദി പ്രധാനമന്ത്രിയായിരിക്കെ ഡൽഹിയിൽ കലാപം അരങ്ങേറിയതാണ് ടെലഗ്രാഫ് തലക്കെട്ടിലേക്ക് കൊണ്ടുവന്നത്.
അതേസമയം ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി ഉയർന്നിട്ടുണ്ട്. ഡല്‍ഹി മൗജ്‍പുര്‍, ജഫ്രാബാദ്, ചാന്ദ്ബാഗ് എന്നിവിടങ്ങളില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇവിടെ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയുടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് നൽകിയിട്ടുണ്ട്.

പരിക്കേറ്റ 180 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുകയാണ്. ഇതില്‍ എട്ട് പോലീസുകാരും ഉള്‍പ്പെടുന്നു. 70 പേര്‍ വെടിയേറ്റാണ് ചികിത്സയിലുള്ളത്. കേന്ദ്രം സൈന്യത്തെ അക്രമം തടയാന്‍ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments