കാഞ്ഞങ്ങാട്: ആദ്യാവസാനം നിറഞ്ഞു നിന്ന കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തി കബഡിയിലെ താര രാജാക്കന്മാർ നിറഞ്ഞാടിയ പ്രഥമ മില്ലത്ത് ട്രോഫി കബഡി ടൂർണമെന്റിൽ അർജ്ജുന അച്ചേരി മില്ലത്ത് ട്രോഫിയിൽ മുത്തമിട്ടു .
ഗ്രീൻസ്റ്റാർ ഒഴിഞ്ഞവളപ്പ് സ്പോൺസർ ചെയ്ത നവശക്തി എക്കൽ രണ്ടാം സ്ഥാനവും , ബ്ലാക്ക് ആൻഡ് വൈറ്റ് കല്ലൂരാവി സ്പോൺസർ ചെയ്ത ക്രൈസ്റ്റ് കോളേജ് തൃശൂർ മൂന്നാം സ്ഥാനവും , ഡയാനമൈറ്റ്സ് ബദിയടുക്ക നാലാം സ്ഥാനവും നേടി.
ടൂർണമെന്റിലെ മികച്ച റൈഡറായി അർജ്ജുന അച്ചേരിയുടെ വിക്രമിനെയും , മികച്ച ഓൾ റൗണ്ടറായി നവശക്തി എക്കലിന്റെ കലന്തറിനെയും തിരഞ്ഞെടുത്തു . പ്രായത്തെ വെല്ലുന്ന അച്ചടക്കമായ പെരുമാറ്റത്തിലൂടെ കാണികളുടെ മനം കവർന്ന എൻ.എ മോഡൽ കാസറഗോഡിലെ യുവതാരങ്ങൾ മികച്ച അച്ചടക്കമുള്ള ടീമിനുള്ള ട്രോഫി കരസ്ഥമാക്കി .
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്‌തതോട് കൂടി കബഡി പ്രേമികളുടെ ഒഴുക്കായിരുന്നു സ്റ്റേഡിയത്തിലേക്ക് . രാഷ്ട്രീയ കായിക രംഗത്തെ പ്രമുഖരും , ഐ എൻ എൽ നേതാക്കളും കളി കാണാൻ എത്തിയിരുന്നു . ജേതാക്കൾക്കുള്ള മില്ലത്ത് ട്രോഫി ടൂർണമെന്റ് കൺവീനർ നബീൽ അഹമ്മദും , ഐ എൻ എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കവും ചേർന്ന് നൽകിയപ്പോൾ ഹർഷാരവത്തോടെയാണ് കാണികൾ വരവേറ്റത് . വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഐ എൻ എൽ മണ്ഡലം സെക്രട്ടറി ഷഫീക് കൊവ്വൽപ്പള്ളി സമ്മാനിച്ചു .
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ടൂർണമെന്റ് ട്രഷറർ സമീർ മാണിക്കോത്ത് സമ്മാനിച്ചപ്പോൾ , ക്യാഷ് അവാർഡ് അബ്ദുൽ റഹ്മാൻ കൊളവയൽ നൽകി . മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി കെ.സി മുഹമ്മദ് കുഞ്ഞിയും , നാലാം സ്ഥാനക്കാർക്കുള്ള ട്രോഫി പഴയ കാല കബഡി താരം മുഹമ്മദ് നീലാങ്കരയും സമ്മാനിച്ചു . ഒരു പ്രദേശത്തെ മുഴുവൻ ഒരു ഉത്സവ ലഹരിയിലേക്ക് കൊണ്ട് പോയ മില്ലത്ത് ട്രോഫി ഇൻവിറ്റേഷൻ കബഡി ടൂർണമെന്റിന് തിരശീല വീണ വേദിയിൽ വെച്ച് തന്നെ സീസൺ 2 പ്രഖ്യാപിച്ച ചാരിതാർഥ്യത്തോടെയാണ് സംഘാടകർ മടങ്ങിയത് .
0 Comments