നാണംകെട്ട് ഇന്ത്യ; മലിനമായ 30 ലോക നഗരങ്ങളിൽ 21 എണ്ണം നമ്മുടെ രാജ്യത്ത്

LATEST UPDATES

6/recent/ticker-posts

നാണംകെട്ട് ഇന്ത്യ; മലിനമായ 30 ലോക നഗരങ്ങളിൽ 21 എണ്ണം നമ്മുടെ രാജ്യത്ത്



വീണ്ടും നാണക്കേടിന്‍റെ ഒരു പട്ടികയില്‍ കൂടി ഇന്ത്യ മുന്നില്‍. വായുമലിനീകരണം ഏറ്റവും രൂക്ഷമായ ലോകത്തെ 30 നഗരങ്ങളില്‍ 21 എണ്ണവും ഇന്ത്യയിലാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യന്‍ നഗരങ്ങള്‍ വായുമലിനീകരണത്തില്‍ മുന്നിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ് നഗരങ്ങളില്‍ മലിനീകരണത്തോത് കുറഞ്ഞിട്ടുണ്ട്. ഐക്യു എയര്‍ വിഷ്വല്‍സിന്‍റെ 2019-ലെ വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ആകാശം മലിനമായ നഗരങ്ങളുടെ പട്ടികയുള്ളത്.

ആദ്യ പത്തില്‍ ആറും ഇന്ത്യയില്‍
വായുമലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളില്‍ ആദ്യ പത്തില്‍ ആറും ഇന്ത്യന്‍ നഗരങ്ങളാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് ലോകത്തിലെ ഏറ്റവും മലിനമായ ആകാശമുള്ള നഗരം. 2019-ല്‍ ഗാസിയാബാദിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 110.2 ആയിരുന്നു. ആരോഗ്യപരമെന്ന് യുഎസ് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി നിര്‍ദേശിച്ച അളവിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതലാണിത്. കഴിഞ്ഞ നവംബറില്‍ എക്യുഐ ലെവല്‍ 800 ന് മുകളിലെത്തിയതിനെ തുര്‍ന്ന് ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അപകടകരമായ എക്യുഐ ലെവലിനേക്കാള്‍ മൂന്നിരട്ടിയായിരുന്നു ഇത്. കാണ്‍പൂര്‍, ഫരിദീബാദ്, ഗയ, വരാണസി, പാറ്റ്‍ന എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

ശ്വാസകോശത്തിലേക്ക് കയറുന്ന സൂക്ഷ്‍മ കണം
അന്തരീക്ഷത്തിലെ മലിനീകരണത്തിന്‍റെ തോത് അളക്കുന്നത് സൂക്ഷ്‍മ കണങ്ങളുടെ (പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍) അളവനുസരിച്ചാണ്. പിഎം 2.5 അടിസ്ഥാനമാക്കിയാണ് എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് കണക്കാക്കുന്നത്. 2.5 മൈക്രോമീറ്റര്‍ വ്യാസമുള്ള കണങ്ങളാണിവ. അതായത് മനുഷ്യരുടെയും മറ്റു ജീവികളുടെയും ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കു ഇറങ്ങിച്ചെല്ലാന്‍ ഇവയ്ക്ക് സാധിക്കും. പിഎം 2.5 കണങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ കൂടുന്നതിനനുസരിച്ച് വായു മലിനീകരണ തോതും വര്‍ധിക്കുന്നു. സള്‍ഫേറ്റ്, നൈട്രേറ്റ്, ബ്ലാക്ക് കാര്‍ബണ്‍ തുടങ്ങിയ മലിനീകരണ വസ്‍തുക്കള്‍ അടങ്ങിയതാണ് പിഎം 2.5. ഇവ മനുഷ്യശരീരത്തിലെത്തിയാല്‍ ശ്വാസകോശ രോഗങ്ങളുണ്ടാകാനും പ്രതിരോധശക്തി കുറയാനും കാരണമാകും.

വായുമലിനീകരണം കൊല്ലുന്നത് ഏഴ് ലക്ഷം ആളുകളെ
വായുമലിനീകരണം കാരണം ലോകത്ത് ഒരു വര്‍ഷം മരിക്കുന്നത് ഏഴ് ലക്ഷത്തോളം ആളുകളാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഹൃദ്രോഗം, കാന്‍സര്‍, ശ്വാസകോശത്തിലെ അണുബാധ തുടങ്ങിയവയാണ് മരണത്തിന് കാരണമാകുന്നത്. നഗരങ്ങളില്‍ ജീവിക്കുന്ന 80 ശതമാനം ആളുകളും മലിനമായ വായുവാണ് ശ്വസിക്കുന്നത്. മലിനമായ വായു എന്ന് പറഞ്ഞാല്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം അനുസരിച്ചുള്ള ഗുണനിലവാരം ഇല്ലാത്തത്. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി വായു മലിനീകരണമാണെന്നാണ് എയര്‍വിഷ്വല്‍ പറയുന്നത്.

ന്യൂഡല്‍ഹി 12-ാം സ്ഥാനത്ത്
ലോകത്ത് വായു മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. ആദ്യ 30-ല്‍ 27 നഗരങ്ങളം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. ഇതില്‍ 21 എണ്ണം ഇന്ത്യയിലുമാണ്. ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹി 12-ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാന നഗരമാണ് ന്യൂഡല്‍ഹി. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും നഗരങ്ങളും മലിനനഗരങ്ങളുടെ പട്ടികയിലുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക അഞ്ചാം സ്ഥാനത്താണ്. പട്ടികയിലെ നഗരങ്ങളില്‍ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങള്‍ ഡല്‍ഹിയും ധാക്കയുമാണ്. പാകിസ്ഥാനിലെ ഗുജ്‍റന്‍വാല, ഫൈസാബാദ്, റായ്‍വിന്‍ഡ് എന്നിവ ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന നഗരങ്ങളാണ്. മേഖലയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ തെക്കന്‍ ഏഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യ എന്നീ പ്രദേശങ്ങളിലാണ് മലിനീകരണത്തോത് കൂടുതല്‍.

ഇന്ത്യയിലെ നഗരങ്ങള്‍ മെച്ചപ്പെടുന്നു
ലോകത്തിലെ മലിനമാക്കപ്പെട്ട നഗരങ്ങളില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ നഗരങ്ങളില്‍ വായു മലിനീകരണം കുറയുകയാണെന്നാണ് എയര്‍വിഷ്വലിന്‍റെ കണക്കില്‍ പറയുന്നത്. 2018-ലെക്കാള്‍ 20 ശതമാനമാണ് ഇന്ത്യയില്‍ വായു മലിനീകരണത്തില്‍ കുറവുണ്ടായത്. ഇന്ത്യയിലെ 98 ശതമാനം നഗരങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മലിനീകരണത്തോത് കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, നല്ല കാലാവസ്ഥ, വായു ശുദ്ധമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയാണ് ഇതിന് കാരണം. പട്ടികയില്‍ ഒന്നാമതുള്ള ഗാസിയാബാദില്‍ 2019-ലെ എക്യുഐ 110.2 ആണ്. 2018-ല്‍ അത് 135.2ഉം 2017-ല്‍ 144.6 ഉം ആയിരുന്നു. ഇന്ത്യയുടെ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിനെയും എയര്‍വിഷ്വലിന്‍റെ റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നുണ്ട്. രാജ്യത്തെ 102 നഗരങ്ങളിലെ വായുമലിനീകരണത്തോത് 2024 ആകുമ്പോഴേക്ക് 20 മുതല്‍ 30 ശതമാനം വരെ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ക്ലീന്‍ എയര്‍ പദ്ധതി.

കാലാവസ്ഥാ പ്രതിസന്ധിയും നഗരവത്‍കരണവും
കാലാവസ്ഥാ വ്യതിയാനവും നഗരവത്കരണവുമാണ് വായുവിന്‍റെ ഗുണനിലാവാരം കുറയുന്നതിന് കാരണമാകുന്നതെന്നാണ് എയര്‍വഷ്വല്‍സ് ശേഖരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ലോകത്തിന്‍റെ പല ഭാഗത്തുമുണ്ടായ കാട്ടുതീയും പൊടിക്കാറ്റും അന്തരീക്ഷത്തെ വന്‍തോതില്‍ മലിനമാക്കി. ഫോസില്‍ ഇന്ധനം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ വികിരണമാണ് കാലാസ്ഥയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന വില്ലന്‍. ഇതു തന്നെയാണ് മലിനമായ വായുവിനും കാരണം. ലോകത്ത് നിരവധി രാജ്യങ്ങളാണ് ഇപ്പോഴും കല്‍ക്കരിയെ വന്‍തോതില്‍ ആശ്രയിക്കുന്നത്. പിഎം 2.5 വികിരണത്തിന്‍റെ ഏറ്റവും വലിയ സ്രോതസ്സാണിത്. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരും ഉപയോക്താക്കളും ചൈനയാണ്.

സുസ്ഥിര വികസനമായിരിക്കണം ലക്ഷ്യം
സുസ്ഥിരമായ വികസനം ആഗ്രഹിക്കുന്ന നഗരങ്ങള്‍ വായു മലിനമാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ തയ്യാറാകണമെന്ന് ഐക്യു എയര്‍ വായു ഗുണനിലവാര ഡയറക്ടര്‍ യാന്‍ ബോക്വിലോഡ് പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും വായു ഗുണനിലവാരത്തെക്കുറിച്ചുള്ള ബോധം വര്‍ധിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ മലിനീകരണം കുറയുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും അദ്ദേഹം പറയുന്നു. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകുന്നുണ്ട്. അവര്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നുണ്ട്. അതിന്‍റെ ഫലമാണ് ചൈനയിലെ ബെയ്‍ജിങ്, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, വിയറ്റ്‍നാമിലെ ഹാനോയ് തുടങ്ങിയ നഗരങ്ങളിലെ വായു മലിനീകരണം കുറഞ്ഞത്. വരും വര്‍ഷങ്ങളില്‍ ഇനിയും മലിനീകരണത്തോത് കുറഞ്ഞില്ലെങ്കില്‍ ലോകത്തിന്‍റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും. അതിനാല്‍ സുസ്ഥിര വികസനമെന്നതായിരിക്കണം എല്ലാവരുടെയും ലക്ഷ്യം. 

Post a Comment

0 Comments