തടയണകളും മഴയും അനുഗ്രഹമായി; ജില്ലയിലെ ഭൂജലനിരപ്പില്‍ വര്‍ധന

LATEST UPDATES

6/recent/ticker-posts

തടയണകളും മഴയും അനുഗ്രഹമായി; ജില്ലയിലെ ഭൂജലനിരപ്പില്‍ വര്‍ധന



കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികള്‍ നേരിട്ട് ജലസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നു. ഒഴുകുന്ന ജലത്തെ പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ ജില്ലയിലുടനീളം നിരവധി തടയണകളാണ്  നിര്‍മിച്ചത്. ഇതോടൊപ്പം ഉയര്‍ന്ന അളവില്‍ ലഭിച്ച മഴയും ജില്ലയിലെ കിണറുകളിലെ ജലനിരപ്പ് മുന്‍ വര്‍ഷങ്ങളെക്കാള്‍ ഉയരാന്‍ കാരണമായി. ജില്ലയിലെ ഭൂജല വകുപ്പിന്റെ 66 നിരീക്ഷണ കിണറുകളില്‍ ഫെബ്രുവരിയിലെ ജലവിതാനം കഴിഞ്ഞ 10 വര്‍ഷത്തെ ജലവിതാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 36 ശതമാനം കിണറുകളില്‍ മാത്രമാണ് കുറവ് രേഖപ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. കഴിഞ്ഞ നവംബര്‍ മാസത്തില്‍ തന്നെ എല്ലാ തടയണകള്‍ക്കും ചീര്‍പ്പ് ഇടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ഫലപ്രദമായി നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ താഴ്ച 3.67 മീറ്ററായിരുന്നെങ്കില്‍ ഈ വര്‍ഷം ഇത് 2.92 മീറ്റര്‍ മാത്രമാണെന്ന്  ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ കെ എം അബ്ദുല്‍ അഷ്റഫ് പറഞ്ഞു. 2019ല്‍ 65 ശതമാനം കിണറുകളില്‍ ജലവിതാനം കുറവുണ്ടായിരുന്നത് നിലവിലത് 36 ശതമാനമാണ്. ജില്ലയില്‍ 33 കിണറുകളും 33 കുഴല്‍ കിണറുകളുമാണ് നിരീക്ഷണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നിരീക്ഷണ കിണറുകളില്‍ ഒരെണ്ണം വറ്റിപ്പോയിരുന്നു. ബദിയഡുക്ക പഞ്ചായത്തിലെ ബേളയിലുള്ള ഈ നിരീക്ഷണ കിണറിലെ ജലവിതാനം നിലവില്‍ 1.37 മീറ്റര്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ മുതല്‍ നിര്‍മിച്ചത് 2800 തടയണകള്‍

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ 2800 ഓളം താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ പി സുബ്രഹ്മണ്യന്‍ പറഞ്ഞു. അധികമായി ലഭിച്ച മഴ ഭൂമിയിലേക്ക് അരിച്ചിറങ്ങാന്‍ തടയണകള്‍ സഹായകമായി. ഇതോടൊപ്പം മിഷന്റെ ഭാഗമായി 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പദ്ധതിയിലൂടെ 38 നീര്‍ച്ചാലുകളാണ് പുനരുജ്ജീവിപ്പിച്ചത്. ഇങ്ങനെ 93 കിലോമീറ്ററിലുള്ള ജലസ്രോതസുകളാണ് തെളിനീരൊഴുകുന്ന ജീവവാഹിനിയായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെയ്തിറങ്ങിയത് 4185.74 മില്ലീമീറ്റര്‍ മഴ

ജില്ലയില്‍ ഉയര്‍ന്ന അളവില്‍ പെയ്തിറങ്ങിയ മഴയും ഭൂജല നിരപ്പിന്റെ വര്‍ധനക്ക് കാരണമായി. ഫെബ്രുവരി 13 വരെ ജില്ലയില്‍ 4185.74 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. വടക്ക്-കിഴക്കന്‍ കാലവര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ലഭിച്ചത്. 2019 ജൂണ്‍ ഒന്ന്  മുതല്‍ ഡിസംബര്‍ വരെ ജില്ലയില്‍ ലഭിച്ചത് 4051 മില്ലീ മീറ്റര്‍ മണ്‍സൂണ്‍ കാലവര്‍ഷമാണ്. കോഴിക്കോട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചത് കാസര്‍കോട് ജില്ലയിലാണ്. അതേ സമയം 2018 മെയ് 30 മുതല്‍ 2019 മെയ് 31 വരെ ജില്ലയില്‍ ലഭിച്ചത് 3223.34 മില്ലി മീറ്റര്‍ മഴയായിരുന്നു.

Post a Comment

0 Comments