പ്രണയിക്കുന്നവർക്ക് രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി കുറച്ച് പാടുപെടും. പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ എത്തിയതോടെയാണ് വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നത് പ്രയാസമായി മാറിയിരിക്കുന്നത്. ഇനി മുതൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തണം.
വിവാഹിതരാവുന്ന കക്ഷികൾ ഒരു ഗസറ്റഡ് ഓഫിസർ യഥാവിധി സാക്ഷ്യപ്പെടുത്തിയ അവരുടെ രണ്ട് സെറ്റ് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ വിവാഹ നോട്ടിസിനൊപ്പം സമർപ്പിക്കണം. വിവാഹ നോട്ടിസ് ബുക്കിലും സാക്ഷ്യപത്ര ബുക്കിലും ഒട്ടിക്കാനാണ് ഇത്.
പരിചയമുള്ള ഗസറ്റഡ് ഓഫിസറാകും ഫോട്ടോകൾ സാക്ഷ്യപ്പെടുത്തുക. ഇവർ വധൂ വരന്മാരുടെ ബന്ധുക്കളെ വിവരമറിയിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വിവാഹത്തിനുള്ള അപേക്ഷ നൽകും മുമ്പേ തന്നെ മുടങ്ങിപ്പോയേക്കാം.
ഇനി ഈ കടമ്പ മറികടന്നെന്ന് കരുതുക, സബ് രജിസ്ട്രാർ വധുവിന്റെയും വരന്റെയും വീടുകളുടെ അടുത്തുള്ള ഓഫിസിലെ നോട്ടിസ് ബോർഡിൽ വിവാഹക്കാര്യം പരസ്യപ്പെടുത്തും. ആർക്കെങ്കിലും പരാതിയോ എതിർപ്പോ ഉണ്ടോയെന്ന് അറിയാനാണ് ഇത്. പരസ്യപ്പെടുത്തി 30 ദിവസം കഴിഞ്ഞാകും വിവാഹം. നോട്ടിസ് ബോർഡിലെ വിവാഹക്കാര്യം പരസ്യപ്പെടുത്തുമ്പോൾ വ്യത്യസ്ഥ മതവിഭാഗങ്ങളിലുള്ളവരാണ് വധൂ വരന്മാരെങ്കിൽ മതപ്രചാരകർ ഇടപെട്ട് വിവാഹം മുടക്കാൻ സാധ്യതയുണ്ട്.
0 Comments