കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. യാത്രക്കാര്‍ക്കും വാഹന ഡ്രൈവര്‍ക്കും മാത്രമായിരിക്കും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതല്‍ പേര്‍ വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കരുത്.
സന്ദര്‍ശക ഗ്യാലറിയില്‍ വിമാനത്താവള അതോറിട്ടിയും സി.ഐ.എസ്.എഫും നിയന്ത്രണം ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലീസ് സംഘവും നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. രോഗബാധിത രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ എത്തുന്ന യാത്രക്കാര്‍ പരസ്പരം അകലം പാലിച്ച് സുരക്ഷ ഉറപ്പു വരുത്തണം. വൈറസ് ബാധിത പ്രദേശങ്ങളില്‍നിന്നെത്തുന്ന രോഗലക്ഷണങ്ങളില്ലാത്തവര്‍ യാത്രക്ക് പൊതുവാഹനങ്ങള്‍ ഉപയോഗിക്കരുത്.
ടാക്‌സിയിലോ സ്വന്തം വാഹനങ്ങളിലോ യാത്ര ചെയ്യുന്നവര്‍ വഴിയിലിറങ്ങി ഭക്ഷണം കഴിക്കുകയോ പൊതു ജനങ്ങളുമായോ പൊതു സ്ഥലങ്ങളുമായോ സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. 14 ദിവസം വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കുകയും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടുകയും വേണം. വിമാനത്താവളത്തില്‍ നിന്നു മടങ്ങുന്ന യാത്രക്കാരുടെ വിലാസവും ഫോണ്‍ നമ്പറുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ടാക്‌സി ഡ്രൈവര്‍മാരുടെ കൈവശം സൂക്ഷിക്കണം.
കണ്ണൂരിലും തൃശൂരിലും വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ബംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ജില്ലയിലെത്തുന്നവരും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ വകുപ്പിന്റെ സഹായം തേടണം. ചൈന, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്റ്, ഹോംഗ്‌കോംഗ്, വിയറ്റനാം, ജപ്പാന്‍, സൗത്ത് കൊറിയ, ഫാന്‍സ്, ജര്‍മനി, യു.കെ, ഇറ്റലി, സ്‌പെയിന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
0 Comments