റിയാദ്: കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയിൽ കൂടുതൽ നടപടികൾ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി മക്കയില്‍ കിംഗ് അബ്ദുല്ല സംസം വാട്ടര്‍ പ്രൊജക്ടിനു കീഴിലെ മുഴുവന്‍ സെയില്‍സ് ഔട്ട്‌ലെറ്റുകളും അടച്ചു. പുതിയ അറിയിപ്പുണ്ടാകുന്നതു വരെ ഔട്ലെറ്റുകൾ ഇനി തുറന്ന് പ്രവർത്തിക്കില്ല. നേരത്തെ ആദ്യ ഘട്ടത്തിൽ തന്നെ മക്കയിലെയും മദീനയിലെയും ഹറം പള്ളികൾക്കകത്ത് നിന്നുള്ള സംസം കുടിവെള്ള ക്യാനുകൾ ഒഴിവാക്കിയിരുന്നു.
അതോടൊപ്പം, രാജ്യത്തെ മുഴുവൻ പള്ളികളിലെയും കുടിവെള്ള സൗകര്യവും താൽക്കാലികമായി ഒഴിവാക്കാനും നിർദേശമുണ്ട്. കൂടാതെ, രാജ്യത്തെ പള്ളികളിൽ ശൗചാലയങ്ങളും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും അടച്ചുപ്പൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്. മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. വീടുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ അംഗശുദ്ധിയും ശുചീകരണവും നടത്തി പള്ളിയിലെത്തണം. പ്രാർഥനാ സമയങ്ങളില്‍ പള്ളികളിലെ മുഴുവന്‍ വാതിലുകളും ജനലുകളും തുറന്നിടണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
അതേസമയം, രാജ്യത്ത് നിലവിൽ പള്ളികൾ മുഖേന കോവിഡ് ബാധിച്ചതായി ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്നും വൈറസ് പടരുന്നത് തടയുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും പള്ളികൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.