നിര്‍ഭയ കേസ്; വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ഡമ്മി പരീക്ഷണം നടത്തി
Wednesday, March 18, 2020
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ജയില്‍ ഉദ്യോഗസ്ഥരുടെയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍,ആരാച്ചാര്‍ യുപി സ്വദേശി പവന്‍ ജല്ലാഡ് ഇന്ന് രാവിലെ ഡല്‍ഹി തിഹാര്‍ ജയിലില്‍ ഓരോ കുറ്റവാളിയുടെയും തൂക്കത്തിന്റെ ഇരട്ടി ഭാരം വരുന്ന മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് പരീക്ഷണ തൂക്കല്‍ നടത്തി.
നാല് കുറ്റവാളികളേയും ഒരുമിച്ച് തൂക്കാന്‍ സാധിക്കുന്ന പുതിയ കഴുമരത്തിലാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇവയുടെ ബലം കഴിഞ്ഞ ദിവസം പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ 5.30ന് ആണ് നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നത്. കുടുംബാംഗങ്ങളുമായുള്ള പ്രതികളുടെ അന്തിമ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയായി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പ്രതികള്‍ 24 മണിക്കൂറും നിരീക്ഷണത്തിലാണ്.
അതേസമയം,നിര്‍ഭയ കേസിലെ അവസാന കച്ചിത്തുരുമ്പായി വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. രാജസ്ഥാനില്‍ നിന്ന് മറ്റൊരു കേസില്‍ അറസ്റ്റുചെയ്ത മുകേഷ് സിങ്ങിനെ 2012 ഡിസംബര്‍ 17നാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്നും നിര്‍ഭയ കേസിന് ആസ്പദമായ കുറ്റകൃത്യം നടന്ന ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.
പ്രതികളുടെ വധശിക്ഷ ഉറപ്പായ സാഹചര്യത്തില്‍ വിവാഹമോചനം ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാളുടെ ഭാര്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. നിയമപരമായ എല്ലാ വഴികളും അടഞ്ഞതോടെ വധശിക്ഷ മാറ്റിവയ്പ്പിക്കാനുള്ള അവസാന മാര്‍ഗം തേടിയാണ് പ്രതി അക്ഷയ് കുമാറിന്റെ ഭാര്യ പുനിത സിംഗാണ് ബിഹാര്‍ ഔറംഗബാദിലെ കുടുംബ കോടതിയില്‍ഹര്‍ജി നല്‍കിയത്.
ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിന് മുന്‍പ് വിവാഹമോചനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഭര്‍ത്താവിനെ മാര്‍ച്ച് 20 ന് തൂക്കിലേറ്റാന്‍ പോകുന്നതിനാല്‍ താന്‍ വിധവയാകുമെന്നും എന്നാല്‍ തനിക്ക് വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും പുനിത ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
മാത്രമല്ല തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിനു മുന്‍പ് നിയമപരമായി വിവാഹബന്ധം വേര്‍പിരിയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
തന്റെ കക്ഷിക്ക് അവരുടെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാനുള്ള നിയമപരമായ അവകാശമുണ്ടെന്നും അതുകൊണ്ടാണ് കുടുംബ കോടതിയില്‍ താന്‍ അപേക്ഷ സമര്‍പ്പിച്ചതെന്നും പുനിതയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ഭര്‍ത്താവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഹിന്ദു വിവാഹ നിയമം വകുപ്പ് 13(2)(കക) പ്രകാരം ഭാര്യക്ക് വിവാഹമോചനം നേടാനുള്ള അവകാശമുണ്ട്.
ഈ കേസ് അനുവദിക്കപ്പെട്ടാല്‍ കുറച്ചുകാലം കൂടിയെങ്കിലും ഭര്‍ത്താവിന്റെ ആയുസ് നീട്ടിയെടുക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.