രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 2,411 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 71 പേർ മരിക്കുകയും ചെയ്തു. 37,776 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,506 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 485 പേർക്ക് ജീവൻ നഷ്ടമായി. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 4,721 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 236 പേർ മരിച്ചു. അഹമ്മദാബാധിൽ മാത്രം 24 മണിക്കൂറിനിടെ 264 കേസുകൾ റിപ്പോർട്ട് ചെയ്തു. പതിനാറ് പേർ മരിക്കുകയും ചെയ്തു.
ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലെ 31ആം ബറ്റാലിയനിലെ ജവാന്മാർക്കാണ് വൈറസ് ബാധ പോസിറ്റീവ് ആയത്. ഇതോടെ ഈ ബറ്റാലിയിനിൽ മൊത്തം 122 പേർ രോഗബാധിതരായി. അതിനിടെ മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങി എത്തിയ ഏഴ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു കിഴക്കൻ ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിഥി തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഉത്തർപ്രദേശിൽ എത്തിയവർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.