പ്രവാസികളുടെ മടക്കത്തിന് 30 വിമാനങ്ങളും രണ്ട് കപ്പലുകളും തയ്യാറാക്കി വ്യോമസേനയും നാവികസേനയും

പ്രവാസികളുടെ മടക്കത്തിന് 30 വിമാനങ്ങളും രണ്ട് കപ്പലുകളും തയ്യാറാക്കി വ്യോമസേനയും നാവികസേനയും


ദില്ലി: പ്രവാസികളുടെ മടക്കത്തിന് 30 വിമാനങ്ങളും രണ്ട് കപ്പലും തയ്യാറാക്കി വ്യോമസേനയും നാവികസേനയും. തയ്യാറായിരിക്കാനുള്ള നിർദ്ദേശം എയർ ഇന്ത്യയ്ക്കും സർക്കാർ നൽകി. സ്വന്തം വിമാനങ്ങളിൽ പ്രവാസികളെ തിരിച്ചെത്തിക്കാൻ തയ്യാറെന്ന് കുവൈത്തിന്റെ
നിർദ്ദേശം പരിശോധിച്ച് വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം പ്രവാസികളുടെ മടക്കത്തിന് കാത്തിരിപ്പ് എത്രനാൾ
എന്നതാണ്. പ്രതിരോധസേനകളെ ഉൾപ്പെടുത്തിയുള്ള പദ്ധതി പ്രതീക്ഷീക്കാം. വ്യോമസേന വിമാനങ്ങൾക്കും തയ്യാറെടുപ്പിന് നിർദ്ദേശം
നല്കി. വിദേശകാര്യമന്ത്രാലയത്തിന്റെ പദ്ധതി പോലെയാവും നടപടിയെന്ന് നാവികസേന മേധാവി അഡ്മിറൽ കരംബീർ സിംഗ് പറഞ്ഞു.
ഒരു യാത്ര മാത്രമായിരിക്കില്ല ഉണ്ടാവുകയെന്നും. ഒരു പാലം പോലെ സേന പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കപ്പലുകൾ നാവികസേന തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കപ്പൽ ഉപയോഗിക്കും. വ്യോമസേനയുടെ 30
വിമാനങ്ങൾക്ക് പുറമെ എയർ ഇന്ത്യയുടെയും സ്വകാര്യ കമ്പനികളുടെയും മുന്നൂറിലധികം വിമാനങ്ങളും ഉപയോഗിക്കാനാകും. തൊഴിൽ
നഷ്ടപ്പെട്ടവർ, ചികിത്സ വേണ്ടവർ, കുടുങ്ങിയ വിദ്യാർത്ഥികൾ, മത്സ്യതൊഴിലാളികൾ എന്നിവർക്ക് മുൻഗണനയുണ്ടാവും. കൊവിഡ്
പരിശോധനയ്ക്കു ശേഷമുള്ള സർട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ ഇന്ത്യയുടെ പ്രത്യേക സംഘങ്ങളെ ചില രാജ്യങ്ങളിൽ നിയോഗിച്ചേക്കും.

അത്യാവശ്യമുള്ളവരെ ആദ്യം മടക്കി എത്തിച്ച ശേഷം മറ്റുള്ളവർക്ക് സാധാരണ വിമാനസർവ്വീസുകളിൽ മടങ്ങാനാകും. പൊതുമാപ്പിനു
ശേഷ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികളെ സ്വന്തം വിമാനത്തിൽ എത്തിക്കാം എന്നാണ് കുവൈത്തിന്റെ നിർദ്ദേശം. യുഎഇയും
മടക്കത്തിന് വിമാനങ്ങൾ നല്കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.