ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

LATEST UPDATES

6/recent/ticker-posts

ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍


കാസറഗോഡ്: ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനം. ഞായര്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ ഈ ഇളവുകളും മുമ്പ് നല്‍കിയ   ഇളവുകളും ഞായറാഴ്ചകളില്‍ ബാധകമല്ല. ഹോട്ട് സ്‌പോട്ടുകളിലും ഇളവുകള്‍ ബാധകമല്ല.

എല്ലാ വര്‍ക്ക്‌ഷോപ്പുകളും (വാഹന റിപ്പയറിംഗ്, മോട്ടോര്‍  വൈന്‍ഡിംഗ്, ലെയ്ത്ത്, സര്‍വ്വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവ) ആധാരമെഴുത്ത് ഓഫീസുകളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. ഫ്‌ലോര്‍, ഓയില്‍ മില്ലുകളും ഇതുപോലെ പ്രവര്‍ത്തിക്കാം.

ലൈസന്‍സുള്ള ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ക്കും ക്രഷരുകള്‍ക്കും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ടൈലറിങ്ങ്, ബാറ്ററി ഷോപ്പുകള്‍ എന്നിവയും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. സിമന്റ്, കമ്പി തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകളും എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിപ്പിക്കാം. അവശ്യവസ്തുക്കളും നിര്‍മ്മാണ സാമഗ്രികളുമായി ഗുഡ്‌സ് കാരിയര്‍ വാഹനങ്ങള്‍ക്ക് ഓടുന്നതിന് തടസ്സമില്ല. ഇതിനായി പ്രത്യേക പാസ് ആവശ്യമില്ല. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപന ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പാസ് നല്‍കും. ഇതിനായി   O4994 255OO1 നമ്പറില്‍ ബന്ധപ്പെടണം.

ഫര്‍ണിച്ചര്‍, വാഹന ഷോറൂമുകള്‍,പെറ്റ് ഷോപ്പുകള്‍ ജ്വല്ലറികള്‍ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്ന് വൃത്തിയാക്കുകയും വാഹനങ്ങള്‍ ബാറ്ററി ഡൗണ്‍ ആവാതിരിക്കാന്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തുകയും ചെയ്യാം. എന്നാല്‍ ഇവയിലൊന്നും വില്‍പന പാടില്ല.

ഫാന്‍സി, ഫൂട്ട് വെയര്‍, ഒരു    നില മാത്രമുള്ള ടെക്‌സ്‌റ്റൈല്‍സ് എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍  തുറന്ന് പ്രവര്‍ത്തിപ്പിക്കാം. എ.സി. പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ജീവനക്കാരും ഉപഭോക്താക്കളും പാടില്ല. കൂടാതെ ബീഡി കമ്പനികള്‍ ചെവ്വാഴ്ച്ചയ്ക്കു പകരം വെളളിയാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നതിനും അനുമതി നലകി.


ഞായറാഴ്ച ഹോസ്പിറ്റലുകളോടനബന്ധിച്ചുള്ള മെഡിക്കല്‍ ഷോപ്പുകള്‍, കാരുണ്യ, നീതി മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയും പ്രവര്‍ത്തിക്കാം.
അവശ്യ സര്‍വീസുകളില്‍പ്പെട്ട വകുപ്പുകളുടെ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ഹാജരാവേണ്ടതും മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ (ഹോട്ട് സ്‌പോട്ടുകളിലടക്കം) A & B class -എ, ബി ക്ലാസില്‍ ല്‍പ്പെടുന്ന മുഴുവന്‍ ജീവനക്കാരും   മറ്റുളള ജിവനക്കാരില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 50ശതമാനം എന്ന തോതിലും ഹാജരാകണ്ടതാണെന്ന്  ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
സ്വകാര്യ  വാഹനങ്ങളില്‍ ഓഫീസുകളിലേക്ക് യാത്രചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഓഫീസ് തിരിച്ചറിയല്‍ രേഖ  ഹാജരാക്കുന്ന പക്ഷം പോലീസ് യാത്രാനുമതി നല്കണം.

 സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാം

ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളൊഴികെയുളള പ്രദേശങ്ങളിലെ ഫിനാന്‍സ്, കണ്‍സള്‍ട്ടന്‍സി, എഞ്ചിനീയറിംഗ് ഡിസൈന്‍സ് സ്വകാര്യ സ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച്  ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ നിര്‍ബന്ധമായും സ്ഥാപനത്തിന്റെ ഐ.ഡി. കാര്‍ഡ് കൈവശം വെക്കേണ്ടതാണ്.