കാലിഫോര്‍ണിയ: സൂം ആപ് വഴി കൃസ്ത്യന്‍ പള്ളി സംഘടിപ്പിച്ച ബൈബിള്‍ ക്ലാസിനിടെ ഹാക്കര്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അധികൃതര്‍. കാലിഫോര്‍ണിയയിലാണ് സംഭവം. മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്ത ക്ലാസിനിടെ ഹാക്കര്‍ നുഴഞ്ഞുകയറി പോണ്‍ വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
വീഡിയോ നിര്‍ത്താന്‍ ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് ഒപ്ഷനില്ലാത്ത തരത്തിലായിരുന്നു ഹാക്കര്‍ പണിയൊപ്പിച്ചത്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രമായിരുന്നു പ്രദര്‍ശിപ്പിച്ചതെന്ന് പള്ളി അധികൃതര്‍ പറഞ്ഞു. സംഭവം സൂം ആപ് അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിച്ചതെന്ന് ചര്‍ച്ച് അഭിഭാഷകന്‍ മാര്‍ക്ക് മൊലുംഫി സിഎന്‍എന്നിനോട് പറഞ്ഞു. സംഭവം ഭയാനകമായിരുന്നെന്ന് സൂം വക്താവ് ബിബിസിയോട് പറഞ്ഞു.
ഹാക്കറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും ആപ് വക്താവ് അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സൂ ആപ്പിന് പ്രിയമേറിയത്. കമ്പനികളുടെ യോഗങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുമായി കോടിക്കണക്കിന് ആളുകളാണ് സൂം ആപ് ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍, സൂം ആപ്പിന്റെ സുരക്ഷയെക്കുറിച്ച് മുമ്പും വിവാദമുയര്‍ന്നിരുന്നു.