കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ

LATEST UPDATES

6/recent/ticker-posts

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ



ദില്ലി: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപടികള്‍ ആരംഭിക്കുമ്പോഴും രോഗവ്യാപനത്തില്‍ കുറവ് സംഭവിക്കുന്നില്ല. ഇന്ത്യയില്‍ ഇതുവരെ 85940 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന സംഭവിച്ചതോടെ ഇന്ത്യയെ ചൈനയെ മറികടന്നിരിക്കുകയാണ്. ചൈനയേക്കാള്‍ മൂവായിരത്തില്‍ അധികം കേസുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ കേസുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ 11ാം സ്ഥാനത്താണുള്ളത്. വിശദാംശങ്ങളിലേക്ക്.

ചൈനയെ മറികടന്നു
കൊറോണ വൈറസ് പൊട്ടിപ്പുറപ്പുറപ്പെട്ട ചൈനയെയാണ് ഇപ്പോള്‍ ഇന്ത്യ മറികടന്നിരിക്കുന്നത്. 85940 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 53035 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 30153 പേര്‍ക്കാണ് രാജ്യത്ത് നിന്ന് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ഇന്നലെ മാത്രം 103 മരിച്ചപ്പോള്‍ ആകെ മരിച്ചവരുടെ എണ്ണം 2752 ആയി. ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്.

ചൈനയില്‍
വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിലവില്‍ നൂറ് പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പകുതിയും വുഹാനിലാണ്. വുഹാനില്‍ കുറച്ച് ദിവസങ്ങളായി കേസുകള്‍ പോസിറ്റീവാകുന്നതില്‍ വര്‍ദ്ധനയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു കോടിയില്‍ അധികം ആളുകളില്‍ കൊറോണ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. നിലവില്‍ 13ാം സ്ഥാനത്താണ് ചൈനയുള്ളത്. ആകെ 82941 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 4633 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 78219 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂര്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3970 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതേ മണിക്കൂറില്‍ 104 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2233 പേര്‍ക്കാണ് രോഗ മുക്തി നേടിയിട്ടുള്ളത്. രോഗമുക്തി നേടുന്നവരുടെ ഇന്ത്യയിലെ നിരക്ക് 35.08 ശതമാനമാണ്. 30000 കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന ഒന്നാണ്.

ഏറ്റവും കൂടുതല്‍ കേസുകള്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 29100 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 21468 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 6564 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 1068 പേര്‍ മരണത്തിന് കീഴടങ്ങി. തമിഴ്‌നാട്ടിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ദിവസേന രോഗം വ്യാപിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്.

തമിഴ്‌നാട്ടില്‍
10108 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 7438 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 2599 പേര്‍ക്കാണ് ഇവിടെ നിന്നും രോഗമുക്തി നേടിയിട്ടുള്ളത്. സംസ്ഥാനത്ത് 71 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതേസമയം, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ മരണനിരക്ക് പൊതുവെ കുറവാണ്.

കേരളം
സംസ്ഥാനത്ത് ഇന്നലെ 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും വന്നവരും 6 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.80 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 493 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.