ദില്ലി: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പുറപ്പെടുന്നതും ഇന്ത്യയിലേക്ക് വരുന്നതുമായ മുഴുവന്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ജൂലൈ 15 വരെ തുടരും. സിവില്‍ ഏവിയേഷന്‍ വാച്ച്‌ഡോഗ് ഡിജിസിഎയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ റഗുലേറ്റര്‍ അംഗീകരിച്ച വിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് അവസാനമായിരുന്നു വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നീട് മെയ് 23 ന് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചു. ഒപ്പം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണ വിധേയമണെങ്കില്‍ ജൂലൈയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കിയിരുന്നു. ഒപ്പം വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി തേടികൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനകള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ്, ഫ്രാന്‍സ്, ജര്‍മനി, യുകെ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വ്വീസുകള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകളും ആഗസ്റ്റ് 12 വരെ നിര്‍ത്തിവയ്ക്കാനാണ് റെയില്‍വെയുടെ തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കും. അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ട്രെയിനുകള്‍ മുടങ്ങില്ലെന്ന് റെയില്‍വെ ബോര്‍ഡ് അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് മടക്കി നല്‍കുക. രാജധാനി, മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചിരുന്നു. നേരത്തെ ജൂണ്‍ 30 വരെയുള്ള ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കിയിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കുമെന്നും അറിയിച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജൂലൈയിലും ട്രെയിന്‍ സര്‍വീസ് വേണ്ട എന്നാണ് പുതിയ തീരുമാനം. ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടാകുന്നത് മുന്‍കരുതല്‍ നടപടികള്‍ അവതാളത്തിലാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്.