വൈദ്യുതി ബില്‍: ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; അഞ്ച് തവണയായി തുക അടയ്ക്കാം; മറ്റ് ഇളവുകള്‍ ഇങ്ങനെ

LATEST UPDATES

6/recent/ticker-posts

വൈദ്യുതി ബില്‍: ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; അഞ്ച് തവണയായി തുക അടയ്ക്കാം; മറ്റ് ഇളവുകള്‍ ഇങ്ങനെ

വൈദ്യുതി ബില്ലിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി, മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടി ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചു. ലോക്ക്ഡൗണ്‍ മൂലം റീഡിംഗ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ല. എങ്കില്‍ക്കൂടി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് പരാതി ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഒന്നിച്ച് തുക അടയ്ക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണ അനുവദിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ബില്ലടച്ചില്ല എന്ന കാരണത്താല്‍ ആരുടേയും വൈദ്യുതി ബന്ധം വിഛേദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.
വൈദ്യുതി ഉപഭോഗം വര്‍ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരുന്നവരുമായ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ബില്ല് വന്നത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ചില പ്രധാന തീരുമാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് എടുത്തത്.
40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബില്‍ തുക വര്‍ധനവിന്റെ പകുതി സബ്‌സിഡി നല്‍കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും.
പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്റെ 25 ശതമാനമായിരിക്കും സബ്‌സിഡി. പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള വര്‍ധനവിന്റെ 20 ശതമാനം സബ്‌സിഡി നല്‍കും.
ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ മൂന്ന് തവണകള്‍ അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണകള്‍ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.