കാഞ്ഞങ്ങാട്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട വിമുക്തഭടൻ പുല്ലൂർ വണ്ണാർ വയൽ മാക്കം വീട്ടിൽ ചന്തുമണിയാണിയുടെ മകൻ ബാബുരാജിന്റെ പേരിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.
ഇന്ത്യൻ ശിക്ഷാനിയമം 153 രാജ്യദ്രോഹം, 120 ബി ഗൂഡാലോചന എന്നീ വകുപ്പുകളിലാണ് കേസ്സ്.
ആനന്ദാശ്രമം മിൽമ പ്ലാന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ബാബുരാജിനെ ഈ പോസ്റ്റിട്ടതിന്റെ പേരിൽ മിൽമയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു.
പ്രധാന മന്ത്രിക്കെതിരായ അപകീർത്തി പോസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി അജാനൂർ പഞ്ചായത്ത് കമ്മിറ്റി മിൽമ പ്ലാന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. മാവുങ്കാലിലെ ഏ. തമ്പാൻ നായരുടെ മകൻ മാവില പ്രദീപ്കുമാറിന്റെ പരാതിയിലാണ് പോലീസ്, സെക്യൂരിറ്റി ജീവനക്കാരൻ ബാബുരാജിന്റെ പേരിൽ കേസ്സെടുത്തത്. കീഴ് കോടതിക്ക് ജാമ്യം നൽകാവുന്ന വകുപ്പാണ് 153 യും 120 -ബി ഗൂഢാലോചനയും.