സ്ത്രീകൾ പൊതുവെ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗമാണ് കോപ്പർ ടി. ഇത് യോനിക്കുള്ളിലേക്ക് നിക്ഷേപിച്ചാണ് ഗർഭധാരണം തടയുന്നത്. കോപ്പർ ടി നിക്ഷേപിച്ചാലും ഗർഭധാരണം ഉണ്ടായ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വടക്കൻ വിയറ്റ്നാമിൽ നിന്നുള്ള ഒരു നവജാത ശിശുവിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. അമ്മ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പർ ടിയുമായി പ്രസവിച്ച നവജാത ശിശുവിന്റേ ചിത്രമാണ് വൈറലാകുന്നത്.
ഗർഭനിരോധനത്തിനായി സ്വീകരിച്ച മാർഗം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതും കൈയിൽ പിടിച്ചു പുറത്തുവന്ന കുഞ്ഞിന്റെ ചിത്രമാണ് ശ്രദ്ധയാകർഷിക്കുന്നത്. ചിത്രത്തിൽ കറുപ്പും മഞ്ഞയും കലർന്ന കോപ്പർ ടിയാണ് കുഞ്ഞ് ഇടതുകൈയിൽ പിടിച്ചിരിക്കുന്നത്. വടക്കൻ വിയറ്റ്നാമിനെ ഹായ്പോങ്ങ് നഗരത്തിലെ ഹായ്പോങ്ങ് ഇന്റർനാഷണൽ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
കൈയിൽ കോപ്പർ ടിയും പിടിച്ചാണ് കുഞ്ഞ് പുറത്തേക്ക് വന്നതെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവോങ് പറഞ്ഞു. അസാധാരണമായി തോന്നിയതുകൊണ്ടാണ് ചിത്രമെടുക്കാമെന്ന് വിചാരിച്ചതെന്നും ഡോക്ടർ പറഞ്ഞു. ഈ ചിത്രം ഇത്രയുമധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. - ഡോക്ടർ കൂട്ടിച്ചേർത്തു.