കാഞ്ഞങ്ങാട് : ശസ്ത്രക്രിയ നടത്താനായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിയ പുല്ലൂർ പെരിയ പഞ്ചായത്തിലെ വയോധികയ്ക്കും കൊവിഡ്. ഇതേ തുടര്‍ന്ന് ലേഡീസ് സര്‍ജിക്കല്‍ വാര്‍ഡിലെ രോഗികളും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും നാല് ആരോഗ്യപ്രവര്‍ത്തകരും ക്വാറന്റയിനില്‍ പോയി. അതേസമയം എവിടെ നിന്ന് രോഗം പകര്‍ന്നകാര്യം അവ്യക്തമാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കുണിയ സ്വദേശിനിയായ 73 കാരി ഇടുപ്പെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി എത്തിയത്. അഡിമിറ്റ് ചെയ്ത ഇവരോട് ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പായി കൊവിഡ് പരിശോധന നടത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് ഫലമെത്തിയപ്പോള്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ അഡ്മിറ്റായിരുന്ന ജില്ലാശുപത്രിയിലെ രണ്ടാം നിലയില്‍ പ്രവിര്‍ത്തിക്കുന്ന ലേഡീസ് സര്‍ജിക്കല്‍ വാര്‍ഡിലെ 14 രോഗികളെ മറ്റു വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡ് അണുവിമുക്തമാക്കാന്‍ അടച്ചിട്ടു. അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പെട്ട ഡോക്ടര്‍മാരോടും നാല് ആരോഗ്യപ്രവര്‍ത്തകരോടും ക്വാറന്റയിനില്‍ പോകാനും നിര്‍ദേശം നല്‍കി. അതിനിടേ ചെറുവത്തൂരിലെ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തില്‍ ആര്‍ക്കും രോഗമില്ല. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമടക്കം 26 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.