ഉദുമ: കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ വീതികുറഞ്ഞ പാര്‍ശ്വഭിത്തിയില്‍ ഇരിക്കുന്നതിനിടെ താഴെ വീണ് ബംഗാള്‍ സ്വദേശി മരിച്ചു. പശ്ചിമ ബംഗാള്‍ ഹരീഷ് പൂര്‍ നാദിയ കൃഷ്ണനഗറിലെ സുഭഘോഷിന്റെ മകന്‍ മണിശങ്കറാണ്(32) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെ ഉദുമയിലെ ഫെബിന കെട്ടിടത്തിലെ മൂന്നാംനിലയില്‍ നിന്നാണ് മണിശങ്കര്‍ താഴെ വീണത്. ഒറ്റയ്ക്ക് താമസിക്കുന്ന മണിശങ്കര്‍ മുറിക്ക് പുറത്തെ വീതികുറഞ്ഞ പാര്‍ശ്വഭിത്തിയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ താഴെ വീഴുകയാണുണ്ടായത്. വീഴ്ചയുടെ ആഘാതത്തില്‍ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി ക്ഷതമേല്‍ക്കുകയായിരുന്നു. നാട്ടുകാരും കെട്ടിട ഉടമയും ചേര്‍ന്ന് മണിശങ്കറെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.