സംസ്ഥാനത്ത് ആദ്യമായി എഞ്ചിനീയറിങ്ങ് മേഖലയിലെ മൂന്ന് സ്വാശ്രയ കോളജുകൾക്ക് പിണറായി സർക്കാർ സ്വയംഭരണ പദവി നൽകിയത് പിൻവലിക്കണമെന്ന് റവലൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വിപണിയുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തി കോർപ്പറേറ്റുകളുടെ മൂലധന സംരംഭങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിയുന്ന വിദഗ്ധരെ നിർമ്മിച്ചെടുക്കുന്ന പിശീലന കേന്ദ്രങ്ങളാക്കി കോളജുകളെ മാറ്റുക എന്നതാണ് സ്വയം ഭരണത്തിന്റെ അടിസ്ഥാന ലക്ഷ്യം.
തൊണ്ണൂറുകളുടെ തുടക്കം മുതൽ കേരളം കണ്ട രക്തരൂഷിതമായ വിദ്യാർത്ഥി സമരങ്ങളുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് കോളജുകൾക്ക് സ്വയംഭരണ പദവി നൽകരുത് എന്നായിരുന്നു. ഇടതു വിദ്യാർത്ഥി സംഘടനകൾ ആയിരുന്നു പ്രക്ഷോഭങ്ങളുടെ നേതൃത്വം.
എന്നാൽ എൽഡിഎഫ് സർക്കാർ തുടക്കത്തിൽ സ്വയം ഭരണത്തിനെതിരെ നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് പതിവ് പോലെ വ്യതിചലിച്ചു.
ഡോ.ബി.ഇക്ബാൽ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, സാങ്കേതിക സർവ്വകലാശാല വി.സി.ഡോ.എം.എസ്.രാജശ്രീ എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടാണ് സ്വയംഭരണ പദവിക്ക് പച്ചക്കൊടി കാട്ടിയത്.
പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ രൂപപ്പെടേണ്ട സാമൂഹിക അവബോധത്തെ തകർത്ത് അവരെ മൂലധന രാഷ്ട്രീയത്തിന്റെ വ്യാപാരികളാക്കി പുറത്തിറക്കാനുള്ള നീക്കത്തിനെതിര പ്രമുഖ വിദ്യാർത്ഥി സംഘടനകൾ ഒന്നും രംഗത്തില്ല. രാജാവിനേക്കാൾ വലിയ രാജ്യഭക്തിയോടെ അവർ കാഴ്ചക്കാരായി നിൽക്കുകയാണ്. ഇന്റേണൽ മൂല്യനിർണ്ണയത്തിനു പുറമെ സിലബസ് നിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ സ്വകാര്യ- സാമുദായിക മാനേജ്മെൻറുകൾക്ക് ലഭിക്കുന്ന അമിതാധികാരങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾ ചോദ്യം ചെയ്യപ്പെടാത്ത കലാലയങ്ങളെയും അദ്ധ്യാപകരേയും സൃഷ്ടിക്കും. നിലവിൽ തന്നെ അത്തരം പീഡനങ്ങളുടെ ഭാഗമായി ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ വാർത്തകൾ നാം വായിക്കുന്നുണ്ട്.
കേരളം കലാലയങ്ങളിലൂടെ വളർത്തി ശക്തിപ്പെടുത്തിയ പുരോഗമന ചിന്താധാരകളെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ യുവജന - വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.