വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നിലവില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മരണത്തില്‍ സ്വര്‍ണക്കടത്ത് മാഫിയയ്ക്ക് അടക്കം പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിച്ചിരുന്നത്. അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്.
ശാസ്ത്രീയമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞത് ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ്. സംഭവ സ്ഥലത്ത് ചിലരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.