കാസർകോട്: പെരുമ്പട്ട ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പെരുമ്പട്ട റേഷന്‍ കടയിലെ സാധനങ്ങള്‍ മാറ്റി. തുടര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. കള്ളാര്‍ വില്ലേജില്‍ കൊട്ടോടി ടൗണിലും വെള്ളം കയറി. ചിറ്റാരിക്കാല്‍ വില്ലേജില്‍ കാര്യങ്കോട് പുഴയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് ആയന്നൂര്‍ ആയന്നൂര്‍ ഭാഗത്തെ തളിയില്‍ പുതിയവീട്ടില്‍ മനോജിനെയും കുടുംബത്തെയും ആയന്നൂര്‍ ശിവക്ഷേത്രത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റി താമസിപ്പിച്ചു. പാലാവയല്‍ വില്ലേജില്‍ അത്തിയടുക്കം ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ആറു വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിതാമസിപ്പിച്ചു. ഈ ഭാഗത്തെ കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.