തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കണക്ക് വിവരിച്ച് ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന മാധ്യമങ്ങളുടെ ചോദ്യശരങ്ങളില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത്, മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നക്കുള്ള ബന്ധം, മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാന്‍ തയ്യാറാകുന്നില്ല തുടങ്ങിയുവയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഒന്നിനുപിറകെ ഒന്നായി ഉന്നയിച്ച ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
സര്‍ക്കാരിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നത്തെ കോവിഡ് കണക്കുകളും കരിപ്പൂര്‍ വിമാനദുരന്തം, രാജമല മണ്ണിടിച്ചില്‍ തുടങ്ങിയവയെ കുറിച്ച് വിവരിച്ചതിന് ശേഷം മാധ്യമങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരത്തിലായിരുന്നു സംഭവം. രാജമല ദുരന്തത്തില്‍ രണ്ട് ലക്ഷവും കരിപ്പൂരില്‍ 10 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമെന്ന് ആരോപണമുയരുന്നുണ്ടല്ലോ എന്ന ചോദ്യമാണ് ആദ്യം ഉയര്‍ന്നത്. രാജമലയില്‍ ആദ്യഘട്ടസഹായമെന്ന നിലയിലാണ് നല്‍കിയതെന്നും പ്രളത്തില്‍ ഒറ്റയടിക്ക് സഹായം നല്‍കലല്ല, പകരം നഷ്ടങ്ങളൊക്കെ കണക്കാക്കിയ ശേഷം ബാക്കി പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.
തുടര്‍ന്ന് ചില ചോദ്യങ്ങള്‍ക്കും ശാന്തമായി ഉത്തരം നല്‍കിയെങ്കിലും പിന്നീട് ‘ലൈഫ് മിഷന്‍ എന്ന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയില്‍ സ്വപ്‌ന സുരേഷ് കൈ കടത്തിയോ’ എന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഒരു കോടി കൈക്കൂലിയെന്ന് മൊഴി നല്‍കിയതായി ചൂണ്ടിക്കാണിച്ചപ്പോള്‍ അത് യുഎഇയുടെ ചാരിറ്റി സംഘടനയായ റെഡ് ക്രെസന്റ് ഇവിടെ സഹായം നല്‍കിയിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അവര്‍ അന്വേഷിക്കുമെന്ന് കരുതുന്നുവെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സര്‍ക്കാരിനെതിരെയും ചോദിക്കുമ്പോള്‍ പലപ്പോഴും മാധ്യമങ്ങളെ മുഖ്യമന്ത്രി വിമര്‍ശിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. മുന്‍ ചീഫ് സെക്രട്ടറി, ഐടി ഫെല്ലോ തുടങ്ങിയവരെ കുറിച്ച് ആരോപണമുയര്‍ന്ന സമയത്ത് ഇതിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഉപജാപം നടത്തുകയാണെന്ന് പറഞ്ഞ് സിഎം തള്ളിപ്പറയുകയായിരുന്നുവെന്നും പിന്നീട് അത്തരക്കാരെ മുഖ്യമന്ത്രി തന്നെ പുറത്താക്കിയെന്നും മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ഇതിന് മറുപടിയായി, മാധ്യമങ്ങള്‍ അന്വേഷണോദ്യോഗസ്ഥരുടെ ജോലിയല്ല ചെയ്യേണ്ടതെന്നും നിങ്ങളെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയൊക്കെ പുറത്താക്കണം, പുറത്താക്കണ്ട എന്നതൊക്കെ മാധ്യമങ്ങള്‍ തീരുമാനിക്കരുത്, നിങ്ങള്‍ക്ക് വേണ്ടത് യാഥാര്‍ത്ഥ്യവും വസ്തുതയുമല്ല, കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നയാളാണെന്ന് സ്ഥാപിക്കുകയാണ് നിങ്ങളുടെ ഉദ്ദേശം. അത് നിങ്ങളുടെ ലക്ഷ്യമല്ലെന്നറിയാം. നിങ്ങളെ പറഞ്ഞയക്കുന്നവരുടെ ലക്ഷ്യം അതാണ്.
മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിക്കാണിക്കുമ്പോള്‍ ഈ അകല്‍ച്ച കാണുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതോടെ മുഖ്യമന്ത്രി ഏറെ രോഷാകുലനായി. പിണറായി എന്നത് ബ്രാന്‍ഡ് നെയിം ആണ് എന്നൊക്കെ ചില മാധ്യമങ്ങള്‍ എഴുതിയപ്പോള്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സി എം പറഞ്ഞിരുന്നില്ലെന്നും മാധ്യമപ്രകവര്‍ത്തകര്‍ സൂചിപ്പിച്ചു. ”പഴയ സര്‍ക്കാരിനെ പോലെ തന്നെ ഈ സര്‍ക്കാരും ആകണമെന്ന് വാശി പിടിക്കരുത്. പഴയ മുഖ്യമന്ത്രിയെ പോലെ തന്നെ ആണ് ഈ മുഖ്യമന്ത്രി, പഴയ സര്‍ക്കാരിനെ പോലെയാണ് ഈ സര്‍ക്കാര്‍ എന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. എങ്ങനെ പ്രൊഫഷണലായി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താം എന്നാണ് പലരും നോക്കുന്നത്. അദ്ദേഹം കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമെന്ന് വാര്‍ത്ത നല്‍കിയതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അദ്ദേഹം രോഷത്തോടെ ചോദിച്ചു. പഴയ കാര്യങ്ങളൊക്കെ എണ്ണിയെണ്ണി പറയണോ ഞാന്‍, അതൊക്കെ നിങ്ങള്‍ക്കും അറിയാവുന്നതല്ലേ, അത് പോലെ ഈ സര്‍ക്കാരും മുഖ്യമന്ത്രിയും ആകുമെന്ന് കരുതുന്നുണ്ടോ നിങ്ങള്‍, അങ്ങനെ ആരും മനക്കണക്ക് കൂട്ടണ്ട, മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.