കാസർകോട്: ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കളനാട് ഗ്രൂപ്പ് വില്ലേജിലെ 14 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വില്ലേജ് പരിധിയിലെ ചളിയങ്കോട്, പള്ളിപ്പുറം, മണല്‍, ചെമ്മനാട് , കൊളംബക്കാല്‍ പ്രദേശങ്ങളിലെ കുടുംബങ്ങളെ കഴിഞ്ഞ ദിവസം(ആഗസ്റ്റ് 8) രാത്രിയോടെ മാറ്റി പാര്‍പ്പിച്ചു. ചന്ദ്രഗിരിയുടെ ഭാഗവും തോടുകളും നിറഞ്ഞൊഴുകിയതാണ് പ്രദേശത്തെ ഭീതിയിലാക്കിയത്. കളനാട് ഗ്രൂപ്പ് വില്ലേജ് പരിധിയിലെ 64 ആളുകളെയാണ് ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.
കൊളത്തൂര്‍ വില്ലേജില്‍ ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ കരിച്ചേരിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെയും ചെങ്കള വില്ലേജിലെ ബേവീഞ്ചയില്‍ ഒരു കുടുംബത്തെയും ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. തെക്കില്‍ വില്ലേജില്‍ ചന്ദ്രഗിരി പുഴയില്‍ നിന്നും വെള്ളം കയറുന്നതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ചെങ്കള വില്ലേജ് പരിധിയില്‍ ചന്ദ്രഗിരിയില്‍ നിന്നും വെള്ളം കയറിയ 16 കുടുംബങ്ങളിലെ 116 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വെള്ളം ഇറങ്ങി തുടങ്ങിയതോടെ കുടുംബങ്ങളെല്ലാം വീടുകളിലേക്ക് തിരിച്ചെത്തി. ആദൂര്‍ ,കുമ്പഡാജെ, നീര്‍ച്ചാല്‍ വില്ലേജുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. നീര്‍ച്ചാല്‍ വില്ലേജില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ചന്ദ്രഗിരി പുഴയില്‍ ജലനിരപ്പ് അല്‍പം താഴ്ന്നതോടെ തളങ്കര ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഏഴ് കുടുംബങ്ങള്‍ തിരിച്ചു പോയി. നിലവില്‍ ക്യാമ്പില്‍ 13 കുടുംബങ്ങളാണ് ഉള്ളത്.