ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. മാധ്യങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലെ ഷാർജ, അബുദാബി, ദുബായ് എന്നീ മൂന്ന് നഗരങ്ങളിലായാണ് ഐപിഎൽ നടക്കുക.
രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കാരണം ഐപിഎൽ യുഎഇയിലേക്ക് മാറ്റുന്നതിന് സർക്കാർ കഴിഞ്ഞയാഴ്ച ബിസിസിഐക്ക് “തത്വത്തിൽ” അനുമതി നൽകിയിരുന്നു. ഔദ്യോഗിക അനുമതി ഇന്നാണ് നൽകിയത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും (എംഎഎ) രേഖാമൂലമുള്ള അനുമതി ലഭിച്ചതായി ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി.ഇന്ത്യയിലെ ഒരു കായികസംഘടന ആഭ്യന്തര ടൂർണമെന്റ് വിദേശത്തേക്ക് മാറ്റുമ്പോൾ, അതിന് ആഭ്യന്തര, വിദേശ, കായിക മന്ത്രാലയങ്ങളിൽ നിന്ന് യഥാക്രമം അനുമതി ആവശ്യമാണ്.
“ഞങ്ങൾക്ക് സർക്കാരിൽ നിന്ന് വാക്കാലുള്ളല അനുമതി ലഭിച്ചപ്പോൾ അക്കാര്യം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരുന്നു. ഇപ്പോൾ രേഖാമൂലം അനുമതി ലഭിച്ചതോടെ എല്ലാ ശരിയായ ദിശയിലാണെന്ന് ഫ്രാഞ്ചൈസികളെ അറിയിക്കാൻ കഴിയും, അവർക്ക് അതിന് അനുസരിച്ചുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകാം” മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
കോവിഡ് പരിശോധനയ്ക്കായുള്ള ആർടി-പിസിആർ ടെസ്റ്റുകൾ യുഎഇയിലേക്ക് തിരിക്കുന്നതിന് 24 മുമ്പ് പൂർത്തിയാക്കിയിരിക്കണം. ഓഗസ്റ്റ് 22 ന് പുറപ്പെടുന്ന ചെന്നൈ സൂപ്പർ കിംഗ്സ് കളിക്കാരും സ്റ്റാഫും ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ നിർബന്ധപ്രകാരം ചെപ്പോക്കിൽ ഒരു ചെറിയ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ചൈന-ഇന്ത്യ അതിർത്തി സംഘർഷത്തെ തുടർന്ന് ചൈനീസ് മൊബൈൽ കമ്പനിയായ വിവോയെ ഐപിഎൽ മുഖ്യ സ്പോൺസർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പ് ഐപിഎൽ മുഖ്യ സ്പോൺസറാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസർക്ക് ബിസിസിഐ നൽകുന്നത്.