തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചു

തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചു


തൃശ്ശൂർ: പൊലീസ് നോക്കിനിൽക്കെ വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമം. തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിൽവെച്ചാണ് വില്ലേജ് ഓഫിസർ സിമി കൈയിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലൈഫ് പദ്ധതി അപേക്ഷകർക്ക് വരുമാന സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് സംഭവം. വില്ലേജ് ഓഫീസർ സിനി മേശയിൽ നിന്ന് ബ്ലേഡ് എടുത്ത്  കൈത്തണ്ടയിൽ മുറിവ് ഏൽപ്പിക്കുകയായിരുന്നു.

പൊലീസിൻ്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്. ഉടൻ തന്നെ വില്ലേജ് ഓഫീസറെ പോലീസ് വാഹനത്തിൽജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വില്ലേജ് ഓഫീസറുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ നാലു വർഷമായി പഞ്ചായത്ത് പ്രസിഡന്‍റും മറ്റുള്ളവരും ചേർന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് സിമി പറഞ്ഞു. അപമാനിക്കാനും സ്ഥലം മാറ്റാനും ശ്രമം നടന്നു. അവരുടെ രാഷ്ട്രീയത്തിന് കൂട്ടുനിൽക്കാത്തതുകൊണ്ടാണ് ഇതെന്ന് സിമി പറയുന്നു.

അതേസമയം വില്ലേജ് ഓഫീസർ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുക്കും. ആശുപത്രിയിലെത്തി വില്ലേജ ഓഫീസർ സിമിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.