
പടന്നക്കാട് : കാസറഗോഡ് ജില്ലയിലെ ആംബുലൻസ് സേവന രംഗത്ത് ആത്മാർത്ഥത കൊണ്ടും , സേവനം കൊണ്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ ജന ഹൃദയം കീഴടക്കിയ നാമമാണ് മില്ലത്ത് സാന്ത്വനം ആംബുലൻസും , ഡ്രൈവർ മൻസൂറും . ഇതര ഡ്രൈവർമാരിൽ നിന്നും മൻസൂർ വ്യത്യസ്തനാവുന്നത് മനസ്സിലെ നന്മ കൊണ്ട് തന്നെയാണ് . തൻറെ ആംബുലൻസ് ഉപയോഗിച്ചു അതി സാഹസികമായി മൻസൂർ രക്ഷപ്പെടുത്തിയത് നിരവധി ജീവനുകളാണ് . മംഗലാപുരത്തെ ഹോസ്പിറ്റലിലെ ഭീമമായ തുക കാരണം ചികിത്സ നിഷേധിക്കപ്പെട്ട ഒരു അന്യ സംസ്ഥാന തൊഴിലാളിയെ സ്വന്തം ഉത്തരവാദിത്വത്തിൽ കാഞ്ഞങ്ങാട്ടെ മൻസൂർ ഹോസ്പിറ്റലിൽ എത്തിച്ച് ജീവൻ രക്ഷിച്ചത് ഒരു ഉദാഹരണം മാത്രം . മംഗലാപുരത്തേക്കും , എറണാകുളത്തേക്കും കൊണ്ട് പോകുന്ന രോഗികൾക്ക് ആവശ്യമായ ഭക്ഷണവും , ചില സമയങ്ങളിൽ രോഗികളുടെ ഹോസ്പിറ്റൽ ബില്ല് അടക്കം സ്വന്തം പണം ഉപയോഗിച്ച് അടച്ചാണ് മൻസൂർ രോഗികൾക്ക് ആശ്വാസമാവുന്നത് . അർഹരായ രോഗികൾക്ക് സൗജന്യ സേവനവും നൽകുന്നുണ്ട് . കോവിഡ് കാലത്തും സ്‌തുത്യർഹമായ സേവനമാണ് മൻസൂർ കാഴ്ച വെച്ചിട്ടുള്ളത് . ജീവൻ പോലും പണയം വെച്ചാണ് കോവിഡ് രോഗികളെയും കൊണ്ട് മൻസൂർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്തു കൊണ്ടിരിക്കുന്നത് . രോഗികളോടും , കുടുംബക്കാരോടും മൻസൂർ കാണിക്കുന്ന ഈ നന്മയെ പ്രകീർത്തിച്ചു പല ആളുകളും നവമാധ്യമങ്ങളിൽ അനുഭവം പങ്കു വെക്കുകയും , അത് വൈറലാവുകയും ചെയ്തിരുന്നു . നിരവധി സംഘടനകൾ ഇതിനകം തന്നെ മൻസൂറിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട് .