മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവാസം ആരംഭിച്ചു. തിരുവനന്തപുരം ഇന്ദിരാഭവനിലാണ് ഉപവാസം നടത്തുന്നത്. കൂടാതെ സമരത്തിന് ഐക്യദാർഢ്യവുമായി കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യഗ്രഹം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുല്ലപ്പള്ളിയുടെ ഉപവാസം ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ ദിവസം നിയമസഭയിൽ പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയം തള്ളിയത്.
സ്വർണക്കടത്തിൽ പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നൽകി. അഴിമതി കേസിലോ സ്വർണക്കടത്തിലോ ഉൾപ്പെട്ടവർക്ക് യാതൊരു സംരക്ഷണവും നൽകില്ല. ബോധപൂർവം ചിലർ പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപണങ്ങൾക്ക് തെളിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.