കാഞ്ഞങ്ങാട്ട് 26 മുതൽ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട്ട് 26 മുതൽ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട്: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് ടൗണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡിവൈ.എസ്.പി എൻ.പി. വിനോദ്. 26 മുതൽ ഓണം വരെയാണ് നിയന്ത്രണം. കച്ചവട സ്ഥാപനങ്ങൾ കൊവിഡ് 19 സുരക്ഷ മാനദണ്ഡം പാലിക്കണം. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ സാമൂഹിക അകലം കർശനമായി പാലിക്കേണ്ടതുമാണ്.
ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന വഴിയോര കച്ചവടം നോർത്ത് കോട്ടച്ചേരി മുതൽ പുതിയകോട്ട വരെയുള്ള സ്ഥലത്ത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഓണത്തിന് വഴിയോര കച്ചവടം ചെയ്യാനാഗ്രഹിക്കുന്നവർക്ക് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സൗകര്യം ഏർപ്പെടുത്തും. ബസ് പാർക്കിംഗ്, വാഹന പാർക്കിംഗ്, പൂക്കച്ചവടം, വഴിയോര കച്ചവടം തുടങ്ങിയ എല്ലാ മേഖലകളിലും നിയന്ത്രണം ബാധകമാണ്. ബസുകളുടെ പാർക്കിംഗ് ഇനി മുതൽ പുതിയ ബസ് സ്റ്റാൻഡിലായിരിക്കും. ബസുകൾ പഴയ സ്റ്റാൻഡിന് പുറത്ത് ആളുകളെ ഇറക്കിയതിന് ശേഷം പാർക്കിംഗ് കേന്ദ്രമായ പുതിയ സ്റ്റാൻഡിൽ എത്തേണ്ടതാണ്. ഓട്ടോകളും ടാക്‌സികളും പൊലീസ് ഏർപ്പെടുത്തിയ പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. സർവ്വീസ് റോഡിൽ യാതൊരു കാരണവശാലും പാർക്കിംഗ് അനുവദിക്കുന്നതല്ല. വ്യാപാരികളുടെ വാഹനവും സർവ്വീസ് റോഡിൽ പാർക്ക് ചെയ്യരുത്.മറ്റ് ആവശ്യങ്ങൾക്കായി ടൗണിലെത്തുന്ന വാഹനങ്ങൾ അരിമല ഹോസ്പിറ്റലിന് സമീപം, മോദി സിൽക്കിന് പുറകിൽ മത്സ്യമാർക്കറ്റിന് സമീപം, ആകാശ് ഓഡിറ്റോറിയം, കുന്നുമ്മലിലേക്ക് പോകുന്ന റോഡിൽ ഉള്ള പൊതുസ്ഥലം,പഴയ അരിമല ക്ലിനിക്കിന് സമീപം, ഡോ. വിനോദ് കുമാറിന്റെ വീടിന് സമീപം, പഴയ സ്റ്റാൻഡ്, ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ റോഡിന് സമീപം, വ്യാപാര ഭവന് തെക്ക് ഭാഗം എന്നിവിടങ്ങളിൽ ഒരുക്കിയ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണ്.60 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിൽ താഴെയുള്ള കുട്ടികളും യാതൊരു കാരണവശാലും ടൗണിൽ പർച്ചേസിംഗിനായി പ്രവേശിക്കാൻ പാടുള്ളതല്ല.