മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ വൈകുന്നേരത്തോടെ അറിയിച്ചിരുന്നു. ശ്വാസകോശ അണുബാധ കൂടുതല്‍ വ്യാപിച്ചെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിച്ചിരുന്നു. വൈകിട്ട് 5.50 ഓടെയാണ് പ്രണബ് മുഖര്‍ജിയുടെ മരണ വാര്‍ത്ത പുറത്തുവന്നത്.

ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അതികായനായ പ്രണബ് മുഖര്‍ജി വിടവാങ്ങുമ്പോള്‍ 1970 മുതലുള്ള പാര്‍ട്ടിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏടാണ് ഇല്ലാതാകുന്നത്. എഴുപതിന്റെ തുടക്കം മുതല്‍ ഒന്നര പതിറ്റാണ്ട് ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായിരുന്ന പ്രണബ് ഇന്ദിരയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല.

സ്വാതന്ത്ര്യസമരസേനാനിയും എഐസിസി അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെ മകനായി 1935 ഡിസംബര്‍ 11 നാണ് പ്രണബ് മുഖര്‍ജിയുടെ ജനനം. 1969ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്‌നാപുരില്‍ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ആ തെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രണബിനെ ഇന്ദിരാ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും സന്തത സഹചാരിയുമാക്കി.