ന്യൂഡൽഹി: കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായുള്ള ‘അൺലോക്ക് 5’ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു സിനിമ തിയറ്ററുകൾ തുറക്കാമെന്നതാണ് ഇതിൽ പ്രധാനം. പാർക്കുകൾ തുറക്കാനും അനുമതിയുണ്ട്.
കണ്ടെയ്ൻമെന്റ് സോണിൽ അല്ലാത്ത തിയറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും ഒക്ടോബർ 15 മുതൽ പ്രവർത്തിക്കാം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നത്. പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും. മാർച്ച് 24ന് പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗണിനെ തുടർന്നുള്ള അടച്ചിടലിൽനിന്നു രാജ്യം പതുക്കെ സാധാരണ നിലയിലേക്കു പ്രവേശിക്കുകയാണ്.
കോവിഡ് കേസുകൾ വളരെയധികം ഉയരത്തിലെത്തി നിൽക്കുമ്പോഴാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയം. 80,472 പുതിയ കേസുകളുമായി ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 9,40,441 ആക്ടീവ് കേസുകളാണു രാജ്യത്തുള്ളത്. 51,87,826 പേർ രോഗമുക്തി നേടിയപ്പോൾ 97,497 പേർക്കു ജീവൻ നഷ്ടമായി.
0 Comments