സംസ്ഥാനത്ത് സ്കൂളുകള്‍ ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സ്കൂളുകള്‍ ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും കൊവിഡ് വ്യാപനം നീളുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകള്‍ ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തിൽ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളെ മാത്രം സ്കൂളിലെത്തക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.


നവംബര്‍ 15ന് ശേഷം സ്കൂളുകള്‍ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചതായാണ് മനോരമ റിപ്പോര്‍ട്ട്. ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.



പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ക്ക് അഞ്ച് മാസത്തിൽ താഴെ മാത്രം സമയം ശേഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. 10, 12 ക്ലാസുകളിലെ കുട്ടികളെ സ്കൂളിലെത്തിക്കാനും ഇവരെ ബാച്ചുകളായി തിരിച്ച് സാമൂഹിക അകലം ഉറപ്പാക്കാനുമാണ് പദ്ധതി. എന്നാൽ കൊവിഡ് ബാധ കൂടുതലുള്ള പ്രദേശങ്ങളിൽ ക്ലാസുകള്‍ ഒഴിവാക്കും. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി എല്ലാ ജില്ലകളിലെയും കൊവിഡ് ബാധ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്.


കേന്ദ്രസര്‍ക്കാരിൻ്റെ അൺലോക്ക് നടപടികളുടെ ഭാഗമായി ഒക്ടോബര്‍ 15നു ശേഷം സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ മിക്ക സംസ്ഥാനങ്ങളും ഇതിന് തയ്യാറായിട്ടില്ല. ഉത്തര്‍ പ്രദേശിലും പുതിച്ചേരിയിലും മാത്രമാണ് ഇതുവരെ സ്കൂളുകള്‍ തുറന്നിട്ടുള്ളത്. നവംബര്‍ 17 മുതൽ കര്‍ണാടകയിലെ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ കര്‍ണാടക സര്‍ക്കാരും തീരുമാനിച്ചിരുന്നു. 

Post a Comment

0 Comments