വെള്ളിയാഴ്‌ച, നവംബർ 13, 2020

 

തിരുവനന്തപുരം:  തുടര്‍ച്ചയായ ചികിത്സവേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കിയതെന്ന് എംവി ഗോവിന്ദന്‍. ആ സന്ദര്‍ഭത്തില്‍ സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എ വിജയരാഘവനെ താത്കാലിക സെക്രട്ടറിയായി ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തിയതായി എംവി ഗോവിന്ദന്‍ പറഞ്ഞു.


കോടിയേരിക്ക് ഇനിയും തുടര്‍ച്ചയായ ചികിത്സ വേണം, പല കാര്യങ്ങളും നിര്‍വ്വഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാള്‍ക്ക് ചുമതല നല്‍കുന്നത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ അസുഖവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെട്ടു. കുറച്ച് കൂടി തുടര്‍ച്ചയായ ചികിത്സ വേണമെന്നാണ് കോടയേരി സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലീവ് ആവശ്യമാണെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ സഖാവ് എ വിജയരാഘവനെ ചുമതലപ്പെടുത്തി. എം വി ഗോവിന്ദന്‍ പറഞ്ഞു.


കോടിയേരി ബാലകൃഷ്ണന്റെ അവധി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് വലിയ പ്രചാരണമാക്കില്ലേ എന്ന ചോദ്യത്തിന് പ്രതിപക്ഷ പ്രചാരണം നേരത്തെയും തുടരുന്നതാണല്ലോയെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.


ബിനീഷിനെതിരായ കേസുകളാണോ മാറ്റത്തിന് കാരണമെന്ന് ചോദിച്ചപ്പോള്‍ മകനെതിരായ ആരോപണങ്ങളെ പറ്റി പാര്‍ട്ടിയും കോടിയേരിയും നേരത്തേ വ്യക്തമാക്കിയതാണെന്നായിരുന്നു മറുപടി. നേരത്തേ രണ്ട് തവണ ചികിത്സയ്ക്ക്  പോയപ്പോഴും ചുമതല ആരെയും ഏല്‍പ്പിച്ചില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കുറച്ച് കൂടി ചികിത്സ ആവശ്യമാണെന്നായിരുന്നു മറുപടി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ