പെരിയ സുബൈദ വധം: നാലാം പ്രതി ഒളിവില്‍ തന്നെ, കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം!

പെരിയ സുബൈദ വധം: നാലാം പ്രതി ഒളിവില്‍ തന്നെ, കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം!

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളം സ്വദേശി സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ വിചാരണ 2021 ജനുവരി 11 മുതല്‍ ആരംഭിക്കും. വിചാരണയ്ക്ക് മുന്നോടിയായി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മൂന്നുപ്രതികളെയും ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പോലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ട ഒരു പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. മധുര്‍ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍ (28), പട്‌ള കുതിരപ്പാടിയിലെ ബാവ അസീസ് (25), മാന്യയിലെ അര്‍ഷാദ് (24) എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ നാലാം പ്രതിയായ സുള്ള്യ അജ്ജാ വരയിലെ അബ്ദുല്‍ അസീസ് (32) പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.


ചെക്കി പള്ളത്തെ വീട്ടില്‍ തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനുവരി 17 നാണ് വീട്ടിനകത്ത് കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ വീട്ടിലെത്തിയത്. സുബൈദ ബസ് ഇറങ്ങി വരുന്നതുകണ്ട ഇവര്‍ അവരെ പിന്തുടര്‍ന്നിരുന്നു. സുബൈദ വാതില്‍ തുറന്ന് അകത്തു കടന്നപ്പോള്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ഇതിനായി അകത്തുകടന്നപ്പോള്‍ പിറകെ കയറി ബോധം കെടുത്തി കൊലപ്പെടുത്തി കവര്‍ച്ച നടത്തി. ഇവരുടെ കൈവശം ധാരാളം സ്വര്‍ണാഭരണങ്ങളും പണവും ഉണ്ടെന്ന ധാരണയിലാണ് കൊല നടത്തിയത്. പ്രതികള്‍ സുബൈദയുടെ വീടും പരിസരവും വീക്ഷിക്കുകയും പിറ്റേ ദിവസം ഉച്ചയ്ക്ക് 12.30 മണിയോടു കൂടി വന്നാണ് കൊല നടത്തിയത്.


കവര്‍ച്ചാ മുതലുകളും കൃത്യം നടത്താന്‍ ഉപയോഗിച്ച രണ്ടു കാറുകളും ആയുധങ്ങളും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞു എന്നതാണ് അന്വേഷണ സംഘത്തിന്റെ മികവ്. സുബൈദയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച രണ്ടു സ്വര്‍ണവളകള്‍, ഒരു മാല, ഒരു ജോഡി കമ്മല്‍ എന്നിവ കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ കൃത്യം നടത്താനായി കാസര്‍കോട്ടു നിന്നും വാടകക്കെടുത്ത രണ്ടുകാറുകളും അന്വേഷണ സംഘത്തിന് കണ്ടെടുക്കാന്‍ കഴിഞ്ഞു. ഒന്നാം പ്രതി അബ്ദുള്‍ ഖാദര്‍ കുറച്ചുകാലം സുബൈദയുടെ വീടിന് സമീപത്തുള്ള ഒരു വീട്ടില്‍ കുറച്ചുകാലം ജോലിക്ക് നിന്നിരുന്നു. സുബൈദ ഒറ്റക്ക് താമസിക്കുന്നതും ദേഹത്ത് സ്ഥിരമായി ആഭരണങ്ങള്‍ ധരിക്കുന്നതും കൊണ്ട് ഇവരുടെ വീട്ടില്‍ ധാരാളം സ്വര്‍ണവും പണവും ഉണ്ടാകുമെന്ന ധാരണയിലാണ് ഈ വീട് കവര്‍ച്ചക്കായി തെരഞ്ഞെടുത്തത്.


കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയും തെളിവുകളെല്ലാം ശേഖരിക്കുകയും ചെയ്തിരുന്നു. മറ്റ് മൂന്ന് പ്രതികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ഷാദ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, എഎസ്പി വിശ്വനാഥന്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, കാസര്‍കോട് ഡിവൈഎസ്പി കെ സുകുമാരന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍, ബേക്കല്‍ സിഐ വിശ്വംഭരന്‍, സിഐ സി കെ സുനില്‍കുമാര്‍, അബ്ദുള്‍ റഹിം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുബൈദ വധക്കേസിന് സമര്‍ഥമായ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്.


സുബൈദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. സുള്ള്യ സ്വദേശിയായ അബ്ദുല്‍ അസീസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. പ്രതിയെ കുറിച്ച് അറിയുന്നവര്‍ കാസര്‍കോട് ജില്ല പോലീസ് മേധാവി, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബേക്കല്‍ സിഐ എന്നിവരിലാരെയെങ്കിലും ബന്ധപ്പെടാമെന്നാണ് അറിയിച്ചിരിക്കുന്നത്. സുബൈദയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം പിടി കൂടിയെങ്കിലും 2018 സെപ്തംബര്‍ 14ന് ഉച്ചയോടെ സുള്ള്യയിലെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

Post a Comment

0 Comments