ന്യൂഡല്‍ഹി: 2021ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പുതിയ തീരുമാനപ്രകാരം ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും. നേരത്തെ ഡിസംബര്‍ 10 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. എംബാര്‍ക്കേഷന്‍ പോയിന്റ് അടിസ്ഥാനമാക്കി തീര്‍ത്ഥാടനത്തിനുള്ള ചെലവ് കുറച്ചതായും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. മുംബൈയില്‍ ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ നാല്‍പതിനായിരത്തോളം അപേക്ഷകള്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ഇതു വരെ അഞ്ഞൂറിലേറെ വനിതകള്‍ മെഹ്റം ഇല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 2020 ല്‍ മെഹ്റം ഇല്ലാതെ അപേക്ഷിച്ച 2100 വനിതകള്‍ക്കും 2021 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കും.
സൗദി അറേബ്യ ഗവണ്‍മെന്റില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്ന് വിശദമായ ചര്‍ച്ചയ്ക്കുശേഷമാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കി ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ചെലവ് പുനര്‍വിര്‍ണയിച്ചത്. ഇതനുസരിച്ച് കൊച്ചി, ശ്രീനഗര്‍ എന്നീ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും 3,60,000 രൂപയും, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും 3,30,000 രൂപയും ബംഗളൂരു, ലഖ്‌നോ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും 3,50,000 രൂപയും, കൊല്‍ക്കത്തയില്‍ നിന്ന് 3,70,000 രൂപയും ഗുവാഹത്തിയില്‍ നിന്ന് 4 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കുന്നത്.
2021 ലെ രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ എണ്ണം 10 ആയി കുറച്ചിട്ടുണ്ട്. അഹ്‌മദാബാദ്, ബംഗളൂരു, കൊച്ചി, ഡല്‍ഹി, ഗുവാഹതി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ, ശ്രീനഗര്‍ എന്നിവയാണ് പുതിയ പോയിന്റുകള്‍. കേരളത്തിന് പുറമേ തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയാണ്.
0 Comments