വിവാഹിതരാകാത്ത മധ്യവയസ്‌കരായ സ്ത്രീകളുമായി ലിവിങ് ടുഗദർ; മാര്യേജ് ബ്യുറോകൾ വഴി തട്ടിപ്പ് നടത്തുന്ന ആൾ പിടിയിൽ

LATEST UPDATES

6/recent/ticker-posts

വിവാഹിതരാകാത്ത മധ്യവയസ്‌കരായ സ്ത്രീകളുമായി ലിവിങ് ടുഗദർ; മാര്യേജ് ബ്യുറോകൾ വഴി തട്ടിപ്പ് നടത്തുന്ന ആൾ പിടിയിൽ

 

കണ്ണൂർ: വിവാഹിതരാകാത്ത മധ്യവയസ്കകളായ സ്ത്രീകളെ വലവീശി പിടിച്ച് ലിവിങ് ടുഗദർ ജീവിതം നയിച്ചിരുന്നയാൾ പോലീസിന്റെ പിടിയിലായി. ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി സ്ത്രീകളാണ് ഇയാളുടെ വലയിലായത്. കാമുക വേഷം കെട്ടി ഓരോരുത്തർക്കുമൊപ്പം മാസങ്ങളോളം ഒന്നിച്ച് താമസിച്ചതിനു ശേഷം ഇയാൾ മുങ്ങുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. ഏറ്റവും ഒടുവിൽ പഴയങ്ങാടിയിലെ അൻപതു വയസുകാരിയാണ് വഞ്ചിക്കപ്പെട്ടത്.


എറണാകുളം പറവൂര്‍ സ്വദേശിയും പഴയങ്ങാടി കൊളവയലില്‍ മറ്റൊരു സ്ത്രീക്കൊപ്പം ലിവിങ് ടുഗദര്‍ ജീവിതം നയിച്ചു വരികയും ചെയ്യുന്ന ശ്രീജന്‍ മാത്യു (രാജീവന്‍ 56) വാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി അവിവാഹിതയായ അമ്പതുകാരിയെ പയ്യന്നൂരിലെ ലോഡ്ജിലും വിവിധ സ്ഥലങ്ങളിലെ ലോഡ്ജ് മുറികളിലും കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. ഇക്കഴിഞ്ഞ ജനുവരി മൂന്ന് മുതല്‍ എട്ട് ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്ന അമ്പതുകാരിയുടെ പരാതിയിലാണ് കേസടുത്തത്.


പഴയങ്ങാടി കൊളവയലില്‍ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുകയായിരുന്ന ഇയാള്‍ പഴയങ്ങാടി വിവാഹ ബ്യൂറോയിലെത്തി മാട്രിമോണിയലില്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റായി ജോലി ചെയ്യുന്ന രാജീവന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവിടുന്ന് അമ്പതുകാരിയായ വെങ്ങര സ്വദേശിനിയുടെഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട ഇയാള്‍ കൊളവയലിലെ സ്ത്രീയുമായി അകലുകയും വിവാഹ വാഗ്ദാനം നല്‍കി വെങ്ങര സ്വദേശിനിയെ പയ്യന്നൂര്‍ ടൗണിലെ ലോഡ്ജിലും കണ്ണൂരിലെ ലോഡ്ജിലും പിന്നീട് ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, കന്യാകുമാരി, ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മുങ്ങുകയുമായിരുന്നു.


സ്ത്രീയുടെ ആഭരണങ്ങളും പണവും ഇയാള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. വേങ്ങര സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്ത പഴയങ്ങാടി പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എസ്.ഐ ഇ.ജയചന്ദ്രനും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ പയ്യന്നൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വിവാഹബ്യുറോകൾ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. റെയിൽവേയിൽ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വിവാഹ ആലോചനകൾക്കായി പേര് രജിസ്റ്റർ ചെയ്യുന്നത്.


ഇവിടെ നിന്നും ശേഖരിക്കുന്ന സമാന പ്രായക്കാരായ സ്ത്രീകളുടെ നമ്പർ ശേഖരിച്ച് വിവാഹ ആലോചനകൾക്കായി ബന്ധപ്പെടുകയും പിന്നീട് അടുപ്പമുണ്ടാക്കുകയും ലിവിങ് ടുഗദറെന്ന പേരിൽ ജീവിക്കുകയും ചെയ്യുന്നതായിരുന്നു പതിവ് രീതി. ഇതിനിടെ തന്റെ വലയിൽ വീഴുന്ന സ്ത്രീകളുടെ സ്വർണവും പണവും ശ്രീജൻ കവരുകയും ചെയ്യും. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി സ്ത്രീകൾ ഇയാളുടെ വലയിൽ വീണിട്ടുണ്ടെന്നും മാനഭയത്താൽ പലരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments