പിണറായിയെ കാണണമെന്നുണ്ട്, വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും: ബർലിൻ കുഞ്ഞനന്തൻ നായർ

LATEST UPDATES

6/recent/ticker-posts

പിണറായിയെ കാണണമെന്നുണ്ട്, വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും: ബർലിൻ കുഞ്ഞനന്തൻ നായർ

 


മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്ന് മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരിലായിരുന്നു പാർട്ടിയിൽ നിന്ന് പുറത്തുവന്നതെന്നും പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ലെന്നും കുഞ്ഞനന്തൻ പറഞ്ഞു. “എനിക്ക് ഇപ്പോൾ പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും,” എന്നായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.


പ്രത്യയശാസ്ത്ര തർക്കം വ്യക്തിപരമായി പോയി. പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കിൽ കാലു പിടിക്കേണ്ടതിന്റെയും മാപ്പു പറയേണ്ടതിന്റെയും കാര്യമില്ല. ഇത് വ്യക്തിപരമായി തിരിച്ചു കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.



 

സിപിഐഎമ്മിന്റെ വലതുപക്ഷ വ്യതിയാനം ആരോപിച്ചപ്പോള്‍ വിഎസിനെ അനുകൂലിച്ചതിന്റെ പേരിൽ സിപിഎം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തൻ നായരെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പിണറായി വിജയൻ തൊഴിലാളി വർഗത്തിന്റെ ദത്തു പുത്രനാണെങ്കിൽ വി.എസ്.അച്യുതാനന്ദൻ തനതു പുത്രനാണെന്ന ബർലിന്റെ നിരീക്ഷണം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ ‘പൊളിച്ചെഴുത്ത്’ എന്ന പുസ്തകം ഏറെ വിവാദമായിരുന്നു. പിന്നീട് പാർട്ടിയുമായുള്ള പിണക്കം മാറി. അനുനയത്തിൽ പോകുന്ന കുഞ്ഞനന്തൻ നായരെ സഹായിക്കുന്നതു പ്രദേശത്തെ പാർട്ടി പ്രവർത്തകർ തന്നെയാണ്.


ബർലിൻ കുഞ്ഞനന്തൻ നായരുടെ വാക്കുകൾ:


പിണറായി വിജയനുമായി എനിക്ക് വ്യക്തിപരമായ ഭിന്നതയൊന്നുമില്ല. പരസ്പരം ഒന്നും അറിയിക്കാറൊന്നുമില്ലെങ്കിലും പണ്ട് ഒന്നായി ഇവിടെ ക്യാംപ് ചെയ്തവരല്ലേ. പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും. കഴിഞ്ഞ ദിവസവും അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രസംഗം കേട്ടിരുന്നു. എനിക്ക് ഇപ്പോൾ പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും.



 

പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കിൽ കാലു പിടിക്കേണ്ടതിന്റെയോ മാപ്പു പറയേണ്ടതിന്റെയോ കാര്യമില്ല. പക്ഷേ, വ്യക്തിപരമായി പോയിട്ടുണ്ട്; അങ്ങനെ തിരിച്ചു കളഞ്ഞു. എനിക്കു വേണ്ടി ഒരു കാര്യവും ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം ഒരിക്കൽ അദ്ദേഹത്തെ കണ്ടു. മുല്ലക്കൊടി ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന സമയത്താണത്. അന്ന് സംസാരിച്ചു. തളിപ്പറമ്പിലേക്ക് പോകുകയാണ്, അല്ലെങ്കിൽ വീട്ടിലേക്ക് വരാമായിരുന്നു എന്നൊക്കെ പറഞ്ഞ് വലിയ ലോഹ്യത്തോടെയായിരുന്നു സംസാരിച്ചത്. മുഖ്യമന്ത്രിയാവുന്നതിനു മുൻപ് അദ്ദേഹം നടത്തിയ കേരള യാത്ര കണ്ണൂരിലെത്തിയപ്പോഴാണ് പിണറായിയെ ഏറ്റവും ഒടുവിൽ കണ്ടത്. അന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചിരുന്നു. വല്ലാതെ ക്ഷീണിച്ചു പോയല്ലോ, കണ്ടാൽ മനസ്സിലാവുന്നില്ലല്ലോ എന്ന് അദ്ദേഹം പറയുകയും ചെയ്തു.


പിന്നീട് ഒരിക്കൽ ഞാൻ വീട്ടിൽ വിളിച്ചിരുന്നു. അദ്ദേഹത്തിനൊരു സുഖമില്ലായ്‌മയുണ്ടായല്ലോ. തല ചുറ്റൽ. ആ സമയത്ത്. അന്ന് ഫോൺ എടുത്തത് ടീച്ചറാണ്, ഭാര്യ. അപ്പോൾ തന്നെ ഫോൺ കൈയിൽ കൊടുത്തു. കുറച്ചുനേരം വർത്തമാനം പറഞ്ഞു. കുറെ ആയി കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഞാൻ ചെയ്‌തത് എല്ലാം ശരിയാണെന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് പാർട്ടിക്കകത്ത് അടിയുറച്ച ഒരു വിപ്ലവ വിഭാഗം നിലവിൽ വന്നു. ആദർശ ശുദ്ധി, വിപ്ലവ വീര്യം, ത്യാഗ സന്നദ്ധത. ഇതു മൂന്നും ഒത്തു ചേർന്നിട്ടുളള ഒരു പാർട്ടി. വലതുപക്ഷ വ്യതിയാനത്തിന് സലാം പറഞ്ഞു പിരിഞ്ഞ ഒരു പാർട്ടി. എന്റെ ആത്മകഥ പൊളിച്ചെഴുത്ത്, അതിൽ ഞാൻ എഴുതിയത് അമ്മേ, എനിക്ക് ഒരിക്കൽ കൂടി ജന്മം തരണം, എന്നാൽ ഞാൻ ഈ പാത തന്നെ സ്വീകരിക്കും. എന്നുളള വാചകം പറഞ്ഞിട്ടാണ് ആ പുസ്തകം അവസാനിക്കുന്നത്. അതുതന്നെയാണ് എനിക്ക് ഇപ്പോഴും പറയാൻ തോന്നുന്നത്.

Post a Comment

0 Comments