പാണ്ടിക്കാട് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മഞ്ചേരിയില്‍ യുഡിഎഫ് ഹര്‍ത്താല്‍; രാഷ്ട്രീയ കൊലപാതകമെന്ന് ചെന്നിത്തല

LATEST UPDATES

6/recent/ticker-posts

പാണ്ടിക്കാട് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മഞ്ചേരിയില്‍ യുഡിഎഫ് ഹര്‍ത്താല്‍; രാഷ്ട്രീയ കൊലപാതകമെന്ന് ചെന്നിത്തല

 

മലപ്പുറം: പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മഞ്ചേരി മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. 


കീഴാറ്റൂര്‍ ഒറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ച സമീര്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് മരിച്ചത്.


ഒറവുംപുറം അങ്ങാടിയില്‍ വെച്ച് ലീഗ് പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ അടിപിടിയുണ്ടായപ്പോള്‍ സമീപത്തെ കടയിലുണ്ടായിരുന്ന സമീര്‍ അങ്ങോട്ടു വരികയായിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സമീറിനെ കുത്തുകയായിരുന്നു എന്ന് യുഡിഎഫ് പറയുന്നു.


സംഘര്‍ഷത്തില്‍ സമീറിന്റെ ബന്ധു ഹംസയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും കുടുംബവഴക്കാണെന്നും സിപിഎം പറയുന്നു.


സമീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.സമഗ്രമായ അന്വേഷണം നടത്തണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ സിപിഎം നിരന്തരം അക്രമം നടത്തിവരികയായിരിന്നു. എം ഉമ്മര്‍ എംഎല്‍എ അടക്കം പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അന്ന് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.- ചെന്നിത്തല പറഞ്ഞു.

Post a Comment

0 Comments