LATEST UPDATES

6/recent/ticker-posts

സുധാകരനെ റാഞ്ചാന്‍ വീണ്ടും ബിജെപി ശ്രമം: അപകടം മണത്ത് ഹൈക്കമാന്‍ഡ്

കണ്ണൂര്‍: അപകടം മണത്ത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ സമയോചിതമായ ഇടപെടലും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ സമവായ നീക്കവുമാണ് കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധിയില്‍ നിന്നും രക്ഷിച്ചത്. മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയത് ജാതീയമായ പരാമര്‍ശമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തിനെ കുറിച്ചുള്ള ക്രിയാത്മക വിമര്‍ശനമാണെന്നുമുള്ള ന്യായീകരണവുമായി കെ. സി വേണുഗോപാലടക്കമുള്ള എ. ഐ.സി.സി നേതാക്കള്‍ രംഗത്തെത്തിയത് ഇതിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. വൈകിയെങ്കിലും അരൂര്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്‍ ഖേദപ്രകടനം നടത്തിയതും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്‍റെ പ്രസ്താവന തിരുത്തിയതും ഇതിന്‍റെ ഭാഗമായിട്ടാണ്.


ഏതെങ്കിലം സാഹചര്യത്തില്‍ കെ.സുധാകരനെന്ന ജനസ്വാധീനമുള്ള നേതാവ് ബിജെപിയിലേക്ക് പോവുകയോ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്താല്‍ അതു കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ശവക്കുഴി തോണ്ടുന്നതിന് തുല്യമായിരിക്കും. ബംഗാളില്‍ മമതയും ആന്ധ്രയില്‍ ജഗനും സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിനെക്കാള്‍ വലിയ പ്രത്യാഘാതമാണ് കോണ്‍ഗ്രസ് നേരിടേണ്ടി വരിക. ഈ സാഹചര്യം മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഹൈക്കമാന്‍ഡ് മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് വൈകിയെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സുധാകരന്‍റെ പിന്നില്‍ ഉറച്ചു നില്‍ക്കാന്‍ കാരണം.


കണ്ണൂരിലെ ബി.ജെ.പി- ആര്‍. എസ്. എസ് നേതാക്കളുമായി നേരത്തെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് കെ.സുധാകരന്‍. കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തില്‍ സി.പി.എമ്മുമായി നിരന്തരം പോരടിക്കുന്ന രണ്ടു പാര്‍ട്ടികളെന്ന സാഹോദര്യം കോണ്‍ഗ്രസിനോട് പലപ്പോഴും ബി.ജെ. പി നേതൃത്വം കാണിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തുന്ന നേതാക്കളിലൊരാളാണ് സുധാകരന്‍. കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും രാഷ്ട്രീയമായി വിമര്‍ശിക്കുന്നതിനപ്പുറം ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് പലപ്പോഴും സുധാകരന്‍ ഉന്നയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പരിവാര്‍ വോട്ടുകള്‍ വലിയ തോതില്‍ സമാഹരിക്കുവാനും സുധാകരന് കഴിഞ്ഞിട്ടുണ്ട്. ശബരിമല യുവതി പ്രവേശനവിഷയത്തില്‍ ബി.ജെ.പിയെടുത്ത സമാനമായ നിലപാട് തന്നെയാണ് സുധാകരനും സ്വീകരിച്ചത്. ശബരിമലയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സുധാകരന്‍റെ ശക്തമായ നിലപാട് കേരളത്തില്‍ യു. ഡി. എഫിനു അനുകൂലമായി വന്‍തോതില്‍ വോട്ടുകള്‍ വീഴാനുമിടയാക്കി.


കണ്ണൂരിലെ ഒരു ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ സഹായം ആര്‍. എസ്. എസ് തേടിയിരുന്നു. വന്‍തോതില്‍ ഫണ്ടു സമാഹരിക്കാന്‍ ക്ഷേത്രകമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നആര്‍ എസ് എസിന് കഴിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു മുന്‍പെ ബി.ജെ.പി നോട്ടമിട്ട കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് കെ. സുധാകരന്‍.വര്‍ഷങ്ങള്‍ക്കു മുന്‍പ് അമിത് ഷാ കേരളസന്ദര്‍ശനത്തിനെത്തിയപ്പോള്‍ കെ.സുധാകരനെ ഒരൂ പ്രത്യേക ദൂതന്‍ മുഖേനെ ക്ഷണിച്ച കൂടിക്കാഴ്ച്ചയ്ക്കു ക്ഷണിച്ച കാര്യം ഒരു അഭിമുഖത്തില്‍ സുധാകരന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രി പദവി വരെ തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് അന്ന് സുധാകരന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നുവന്നപ്പോള്‍ സുധാകരന് പിന്‍തുണയുമായി ആദ്യമെത്തിയവരില്‍ ഒരാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കാന്‍ നിരന്തരം ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും ചൊവ്വാഴ്ച്ച നടത്തിയ പ്രസംഗം വ്യാഴാഴ്ച്ച വിവാദമാക്കിയത് ഗൂഡാലോചനയാണെന്നും സുധാകരന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.


കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ മണ്ഡലങ്ങളില്‍പ്പോലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം വന്‍ഭൂരിപക്ഷത്തോടെ നിലനിര്‍ത്താനായത് പാര്‍ട്ടിയില്‍ സുധാകരന്‍റെ മൈലേജ് കൂട്ടിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ ഹരിപ്പാടും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ സാഹചര്യത്തിലാണ് സുധാകരന്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ മിന്നും വിജയം നേടിയത്. ഈ സാഹചര്യത്തിലാണ് സുധാകരന്റെ പേര് കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍ ഹൈക്കമാന്‍ഡില്‍ നിര്‍ണായക റോള്‍ വഹിക്കുന്ന കെ.സി വേണുഗോപാലിന്റെ എതിര്‍പ്പും കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ വൈമനസ്യവും തിരിച്ചടിയായി. സംസ്ഥാനത്തെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തന്നെ അനുകൂലിക്കുന്നവരാണെന്ന വാദം സുധാകരന്‍ ഹൈക്കമാന്‍ഡിനു മുന്‍പില്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല.


നിയമസഭാതെരഞ്ഞെടുപ്പു കഴിയും വരെ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ശക്തമായ ആവശ്യം സുധാകരന്‍ ഉന്നയിച്ചിട്ടുണ്ട്. ഈക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനും വിയോജിപ്പില്ലെന്നാണ് സൂചന. പുതിയ എ. ഐ.സി.സി അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ വരുന്ന ജൂണ്‍ മാസത്തില്‍ കണ്ടെത്തുമെന്നു പരസ്യമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് കേരളത്തിലും പുതിയ അധ്യക്ഷനെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയേക്കും. സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെ.പി.സി.സി അധ്യക്ഷനാകാമെന്ന പ്രതീക്ഷയിലാണ് സുധാകരനിപ്പോള്‍. ഇതിനിടെയില്‍ തനിക്കു നേരെ നടക്കുന്ന നീക്കങ്ങള്‍ സുധാകരനെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം അപമാനങ്ങള്‍ സഹിക്കാനാവില്ലെന്ന നിലപാട് അടുപ്പമുള്ളവരോട് സുധാകരന്‍ പങ്കുവച്ചിട്ടുണ്ട്.


ന്യായമായും എഴുപതു വയസുകഴിഞ്ഞ കെ.സുധാകരന് കെപിസിസി അധ്യക്ഷനാകാനുള്ള എല്ലാ ക്ലയിമുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ പല നേതാക്കളും സുധാകരന്‍ നേതൃതലത്തില്‍ വന്നാല്‍ തങ്ങള്‍ നിഷ്പ്രഭരാകുമെന്നു വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കെപിസിസി അധ്യക്ഷപദവിയിലേക്ക് സുധാകരന്‍ വന്നാല്‍ അതു തെന്നലയോ ഹസനോ മുല്ലപ്പള്ളിയോ സുധീരനോ പോലുള്ള മിതവാദിയായ ഒരു നേതൃത്വമാകാനിടയില്ല. സി.പി. എം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് കെ.സുധാകരന്‍. രാഷ്ട്രീയ എതിരാളിയുടെ മസ്തകം നോക്കിയുള്ള കെ.സുധാകരന്റെ ഇരട്ടക്കുഴല്‍ തോക്കുപോലുള്ള നാവില്‍ നിന്നുയരുന്ന വെടിയുണ്ടകള്‍ക്കൊരിക്കലും ഉന്നം തെറ്റാറില്ല.


ഏവരെയും തന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടു ചൂണ്ടുമുനയില്‍ നിര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും സുധാകരനോട് അധികമൊന്നും കോര്‍ക്കാറില്ല. കണ്ണൂരില്‍ നിന്നും ആലപ്പുഴയിലേക്ക് ഗ്രൂപ്പുകളിയുടെ പേരില്‍ താന്‍ ഓടിച്ചുവിട്ട കെ.സി വേണുഗോപാല്‍ ഹൈക്കമാന്‍ഡിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുവോളം നോമിനേഷന്‍ വഴി തനിക്ക് കെ. പി.സി.സി പ്രസിഡന്റാകാന്‍ കഴിയില്ലെന്ന് സുധാകരന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. സംഘടനാതെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിപിടിക്കുകയെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്. കേരളത്തില്‍ മുഴുവന്‍ സ്വീകാര്യതയുള്ള നേതാവാകാന്‍ സുധാകരന്‍ ശ്രമിച്ചുവരുമ്പോഴാണ് പുതിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.

Post a Comment

0 Comments